പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ (വേണം) വേണ്ട !

Posted by കറുത്തേടം | Labels: | Posted On Sunday, August 9, 2009 at 8:04 PM

"ധര്‍മ്മാര്‍ത്ഥകാമാ: സമ എവസേവ്യാ:
യ ഏക സേവീ സ:നരോ ജഘന്യ: "

ധര്‍മ്മം അര്‍ത്ഥം കാമം ഇവ സമമായി സേവിക്കപ്പെടണം. ഒന്നിനെ മാത്രം സേവിക്കുന്നവന്‍ നിന്ദ്യനെന്നു ഭഗവാന്‍ വേദവ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ട്. വിവാഹ കര്‍മ്മം ചതുര്‍വര്‍ഗ്ഗ ഫല പ്രാപ്തിക്കുള്ള ഒന്നിന്റെ ശുഭാരംഭവും.
വിവാഹം സന്തുഷ്ടമാകണമെങ്കില്‍ മനപ്പൊരുത്തം തന്നെയാണ് വേണ്ടതായിട്ടുള്ളത്. എന്നാല്‍ ഈ മനപ്പൊരുത്തം എങ്ങനെ മനസ്സിലാക്കണം. ഒരു തവണയോ പത്തു തവണയോ കണ്ടാല്‍ സംസാരിച്ചാല്‍ അതുണ്ടാവുകയില്ല. എന്നാല്‍ ഒരു പാടുകാലം ഇടപഴകി കല്യാണം കഴിക്കാന്‍ നമ്മുടെ സമൂഹം അംഗീകരിക്കുകയും ഇല്ല. (മേല്‍ പറഞ്ഞതില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വായനക്കാര്‍ക്ക് ഉണ്ടാകാം). ഈ അവസരത്തിലാണ് പൊരുത്തം നോക്കുന്നതിന്റെ പ്രസക്തി. എന്നാല്‍ പൊരുത്തം നോക്കിയാല്‍ മാത്രവും പോര.

ഇന്ന് പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ വേണ്ട എന്ന പരസ്യവാചകം പല ഭാഷകളിലും ഇന്‍റര്‍നെറ്റില്‍ സുലഭമാണ്. ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസികളെ ലക്‌ഷ്യം വെച്ചാണ് ഈ പരസ്യങ്ങളുടെ ഒഴുക്ക്. ഇത് നമ്മുടെ ജനങ്ങളുടെ ജ്യോതിഷത്തിലും പൊരുത്തം നോക്കലിലും ഉള്ള വിശ്വാസത്തെ അടിവരയിടുന്നതാണ്. ഹിന്ദുക്കള്‍ മാത്രമല്ല ക്രൈസ്തവരും മുഹമ്മദീയരും ഇന്ന് ജാതകം നോക്കുന്നുണ്ട്. സ്വന്തം കാര്യം വരുമ്പോള്‍ കുറച്ചു ജ്യോതിഷമോ വാസ്തുവോ തെറ്റില്ല എന്നാണു ഓരോരുത്തരുടെയും ചിന്ത. വലതു പക്ഷക്കാര്‍ക്ക് ജ്യോതിഷവും അമ്പലവും അയിത്തമല്ല എന്നാല്‍ ഇവയെ അയിത്തം കല്‍പ്പിച്ച ഇടതു നേതാക്കള്‍ വരെ തങ്ങളുടെ ഭാവി അറിയാന്‍ കണിയാനെ സമീപിച്ചതായാണ് കേട്ടറിവ്.

പൊരുത്തം എന്നാല്‍ റോക്കറ്റ് ശാസ്ത്രമല്ല. വളരെ ലളിതമായ ഒന്നാണ് പൊരുത്തം നോക്കല്‍. എന്നാല്‍ ജ്യോതിഷത്തില്‍ ആഴത്തിലുള്ള അറിവ് യഥാര്‍ത്ഥ വിശകലനവും തെറ്റില്ലാത്ത പ്രവചനവും സാധ്യമാക്കും.
നാം തിരഞ്ഞെടുക്കുന്ന ജ്യോത്സ്യന്‍ ഉത്തമ ജ്യോത്സ്യനല്ലെന്കില്‍ ആണ് പ്രവചനവും പൊരുത്തവും താളം തെറ്റുന്നത്. ഇവിടെയാണ്‌ ജ്യോതിഷത്തെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ നിരത്തുന്ന തെളിവുകള്‍ ജനം നിവൃത്തിയില്ലാതെ അന്ഗീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജ്യോതിഷം അല്ല കുറ്റക്കാര്‍. തെറ്റായി പ്രാക്ടീസ് ചെയ്യുന്ന ആള്‍ക്കാരാണ്.

ഇന്ന് ഓണ്‍ലൈനില്‍ നിരവധി സൈറ്റുകള്‍ സൌജന്യമായും അല്ലാതെയും പൊരുത്തം നോക്കുന്നുണ്ട്. ഒരളവു വരെ അത് ശരിയുമാണ്. എന്നാല്‍ ജ്ഞാനമുള്ള ഒരു ജ്യോത്സ്യന്‍ ഗണിക്കുന്നത് മാതിരി ശരിയായി കൊള്ളണം എന്നില്ല.

എന്താണ് പൊരുത്തം ?

നക്ഷത്രങ്ങളെ ആധാരമാക്കി പത്തു വിധം പൊരുത്തങ്ങള്‍ ആണ് നോക്കാറുള്ളത്. അതില്‍ തന്നെ രജ്ജു വേധം തുടങ്ങിയ പൊരുത്തങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്. ഇത് നമുക്ക് തന്നെ സ്വയം നോക്കാവുന്നതേ ഉള്ളൂ. രണ്ടു പേരുടേയും നക്ഷത്രം അറിഞ്ഞാല്‍ മാതൃഭൂമി പഞ്ചാംഗം നോക്കി മനസ്സിലാക്കാവുന്നതാണ്. ഇത് മാത്രം നോക്കിയാല്‍ മതിയാകില്ല യഥാര്‍ത്ഥ പൊരുത്തം അറിയാന്‍.

പാപസാമ്യം ദശാസന്ധി തുടങ്ങിയവ കൂടി നോക്കിയാലെ യഥാര്‍ത്ഥ പൊരുത്ത നിര്‍ണ്ണയം സാധ്യമാവുകയുള്ളൂ. രണ്ടുപേരുടെയും ജാതകത്തില്‍ ഉള്ള പാപഗ്രഹങ്ങള്‍ നില്‍ക്കുന്ന ഇടങ്ങളെ ആധാരമാക്കിയാണ് പാപസാമ്യം നിര്‍ണയിക്കുന്നത്. രണ്ടു പേരുടേയും ദശകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാറുന്നതിനാണ് ദശാസന്ധി എന്ന് പറയുന്നത്. ഇതെല്ലം ശരിയായി, തമ്മില്‍ കണ്ടു കുടുംബ പശ്ചാത്തലവും നോക്കിയാണ് വിവാഹം നിശ്ചയിക്കേണ്ടത്.

പൊരുത്തം നോക്കാതെയും കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നവരുണ്ട്‌. അതിനര്‍ത്ഥം ജ്യോതിഷം ശരിയല്ല എന്നല്ല മറിച്ച് മനസ്സിന്റെ പൊരുത്തവും ദൈവാധീനവും അവരുടെ ജാതകം പൊരുത്തമുള്ളതാക്കി എന്നാണു.

Comments:

There are 23 comments for പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ (വേണം) വേണ്ട !

Post a Comment