കുത്തിയവന്‍ ഒരുവന്‍ - உன்னைப்போல் ஒருவன்
Posted by കറുത്തേടം | Labels: കഥ, നര്‍മ്മം, രാഷ്ട്രീയം | Posted On Sunday, September 13, 2009 at 3:17 PM

ഉലകനായകനും നമ്മുടെ സുപ്പര്‍സ്റ്റാര്‍ ലാലേട്ടനും അങ്ങ് ചെന്നൈയില്‍ உன்னைப்போல் ஒருவன் - ഉന്നൈപ്പോല്‍ ഒരുവന്‍ പടം പിടിക്കുമ്പോള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നമ്മുടെ ഏമാന്മാരും പിടിക്കുന്നു ഒരു പടം "കുത്തിയവന്‍ ഒരുവന്‍". നിരവധി ഭാഷകളില്‍ റീ മേയ്ക് ചെയ്യാന്‍ സാധ്യതയുള്ള പടത്തിന്റെ കഥയും തിരക്കഥയും നമ്മുടെ ഏമാന്മാര്‍. തുടക്കം മുതല്‍ ഒടുക്കം വരെ സസ്പെന്‍സ് ത്രില്ലര്‍. കുത്തിയവന്‍ ആരെന്നുള്ള അന്വേഷണമാണ് സിനിമയുടെ കഥ. സാധാരണ പടങ്ങളിലെ പോലെ തന്നെ എല്ലാ മസാലയും ഒരു പോലെ കൂട്ടികൊഴച്ചു പരുവപ്പെടുത്തി എടുത്ത ഈ പടത്തില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരും ഗുണ്ടകളും ആണ് മുഖ്യ വേഷത്തില്‍ എത്തുന്നത്.
കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നു. സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്താനായി ഷൂട്ടിംഗ് കഴിഞ്ഞേ കഥ പറയുകയുള്ളൂ എന്ന പഴഞ്ചന്‍ ശൈലി മാറ്റി സംവിധായകന്‍ പത്ര സമ്മേളനം നടത്തി അതാതു ദിവസത്തെ ഷൂട്ട് ചെയ്യാനുള്ള കഥ പറയും.
പടത്തിന്റെ പൂജ കഴിഞ്ഞു ആദ്യം ഷൂട്ട് ചെയ്തത് ക്ലൈമാക്സ് ആയിരുന്നു. യുവ ബിസിനസ്‌കാരനെ കുത്തികൊലപ്പെടുത്തുന്നു. അടുത്ത ദിവസം ഷൂട്ട് ചെയ്യാനുള്ള സീന്‍ കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തി തൊണ്ടിയായി പിടിക്കുന്നതാണ്.
"S" ആകൃതിയിലുള്ള കത്തി കൊണ്ടാണ് കുത്തേണ്ടത്. അതുണ്ടാക്കാനുള്ള ഓര്‍ഡര്‍ ചെയ്യാന്‍ തോമാച്ചായന്‍ പോയതേ ഉള്ളൂ. ആ കത്തി പ്രതി എന്ന് പറയുന്ന കാറി ചാണ്ടി എന്ന ആളുടെ വീട്ടില്‍ നിന്നാണ് എടുക്കേണ്ടത്.
ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഈ പടത്തിന്റെ റീവ്യൂ നമ്മുടെ ചാനല്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പടത്തിനെ തകര്‍ക്കാന്‍ ഉദ്ദേശിച്ചാണെന്ന് പടത്തിന്റെ സംവിധായകരും നിര്‍മ്മാതാക്കളും പറയുന്നു. കാറി ചാണ്ടി എന്ന ആളുടെ അമ്മ പോലീസുകാര്‍ കൊണ്ടിട്ട കത്തിയാണെന്ന് പറയുന്ന സീന്‍ പടത്തില്‍ ഇല്ലെങ്കിലും ചാനലുകളില്‍ കാണിച്ചു.
അടുത്ത ദിവസം ഷൂട്ടിംഗ് പിടിച്ച പ്രതികളെ ജയിലില്‍ ആക്കുന്നതാണ്. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടിച്ചു പത്രസമ്മേളനത്തില്‍ നമ്മുടെ പോലീസ് പറയുന്നു. ഉടന്‍ തന്നെ പ്രതിപക്ഷം പറയുന്നു ഇതെല്ലം നുണയെന്നു. യഥാര്‍ത്ഥ പ്രതികള്‍ പിടിച്ചവര്‍ എന്നാണു തിരക്കഥയില്‍ അത് അംഗീകരിക്കാന്‍ പൊതുജനം തയ്യാറാകില്ല എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ന്റെ അടിസ്ഥാനത്തില്‍ തിരക്കഥ മാറ്റിയെഴുതുന്നു. യഥാര്‍ത്ഥ ഗുണ്ടകള്‍ നാടുവിട്ടു പോയി എന്നാക്കുന്നു. യഥാര്‍ത്ഥ കഥയില്‍ ഒരു നടിയും വേറൊരാളും കൂടി കാറിലുണ്ടായിരുന്നു എന്നാണു. എന്നാല്‍ ആ നടിയെ പിടിച്ചാല്‍ എല്ലാവരും കുടുങ്ങും എന്ന സത്യം ഉള്ളതിനാല്‍ ഈ തിരക്കഥയില്‍ അതുണ്ടാകില്ല.
അങ്ങനെ പുതിയ പ്രതികള്‍ തമിഴ്നാട്ടില്‍ ഉണ്ടെന്നു കഥ മാറ്റിയെഴുതി. ആ ഗുണ്ടകളെ തമിഴ്‌നാട് പിടിക്കുന്നതും അവരെ ഏറ്റുവാങ്ങാന്‍ 2 മണി ക്കൂറിനുള്ളില്‍ നമ്മുടെ പോലീസ് അവിടെ എത്തുന്നതും ആയ സീന്‍ അടുത്ത ദിവസം ഷൂട്ട് ചെയ്യും.
ഇതിവിടെ അവസാനിക്കുന്നില്ല പടത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നതോടൊപ്പം കൂടുതല്‍ വിവരങ്ങളുമായി അടുത്ത ലക്കത്തില്‍...
നല്ല പോസ്റ്റ്!
എന്നാ പടം റിലീസ്? ഭയങ്കരന്‍ സസ്പെന്‍സ് ആയിരിക്കും അല്ലേ? :)
സസ്പന്‍സ് ഓരോ ദിവസം കഴിയുംതോറും മാറി കൊണ്ടിരിക്കും. എന്തായാലും സസ്പന്‍സ് ഇല്ലാത്ത പടമായിപ്പോകും എന്നാ എന്റെ പേടി.