ഉപതെരഞ്ഞെടുപ്പു നഷ്ടവും ലാഭവും

Posted by കറുത്തേടം | Labels: , | Posted On Tuesday, November 10, 2009 at 3:07 PM

ഉപതെരെഞ്ഞെടുപ്പിലെ വിജയത്തില്‍ കോണ്‍ഗ്രസ്‌ ക്യാമ്പുകളില്‍ ആഹ്ലാദം അലയടിക്കുകയാണ്‌. എല്ലാ ജാതിക്കാരുടെയും വോട്ട് ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു ഇരു മുന്നണികളും. എന്നാല്‍ ജാതിക്കതീതമായി എല്ലാവരുടെയും വിശ്വാസം നേടുക എന്നതായിരുന്നു ബി ജെ പിയുടെ ലക്‌ഷ്യം. വാര്‍ത്ത മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് വിശകലനത്തില്‍ തെളിഞ്ഞു വന്നത് കേരളത്തില്‍ ബി ജെ പിയുടെ വോട്ട് വര്‍ധനയാണ്. കഴിവുള്ള ഒരു യുവ വനിതാ നേതാവിനെ മുന്‍ നിര്‍ത്തിയായിരുന്നു ബി ജെ പി യുടെ തെരഞ്ഞെടുപ്പു അങ്കം.

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ വോട്ട് കുറഞ്ഞു എന്ന് വാദിക്കുന്ന നമ്മുടെ മുഖ്യന്‍ സ്വന്തം അഭിപ്രായമോ അതോ പാര്‍ട്ടിയുടെ അഭിപ്രായമാണോ പറഞ്ഞത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാക്കുകള്‍ക്കു പഞ്ഞമില്ലാത്ത അദ്ദേഹം പേപ്പര്‍ നോക്കി പ്രസ്താവന ഇറക്കിയത് വാക്കില്‍ ഗുളികന്‍ വേണ്ട എന്ന പോളിറ്റ്‌ ബ്യൂറോയുടെ കര്‍ശന നിദ്ദേശം കൊണ്ടായിരിക്കാം.

ഈ തിരഞ്ഞെടുപ്പില്‍ ഭാരതം കമ്മ്യൂണിസം ഉപേക്ഷിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്‌. യുവജനതക്ക് വികസനം ആണ് വേണ്ടത്. പുരോഗമനത്തിന് എതിരെ കണ്ണടക്കാന്‍ യുവ ജനതയ്ക്ക് കഴിയില്ല. "S" കത്തി വാദം വഴി മറ്റൊരു സംഘടനയുടെ തലയില്‍ കെട്ടി വയ്ക്കാന്‍ പാര്‍ട്ടി സെക്രട്ടറി നടത്തിയ നാടകം കോമഡിക്കാര്‍ക്ക് ഉപകാരമായി മറിച്ച് പാര്‍ട്ടിക്ക് തിരിച്ചടിയും. ഹിന്ദു വിരോധം വളര്‍ത്തി ന്യൂന പക്ഷത്തില്‍ നിന്ന് വോട്ട് അടര്‍ത്തു എടുക്കാം എന്ന നയം അവര്‍ക്ക് തന്നെ വിനയായി. എന്നാല്‍ എല്ലാവരും നമ്മുടെ ആളുകള്‍ എന്ന കോണ്‍ഗ്രസിന്റെ തന്ത്രം ഫലിക്കുകയും ചെയ്തു. മോഡിയുടെ പേരില്‍ അബ്ദുള്ളകുട്ടിയെ പഴി പറഞ്ഞ ഇടതര്‍ക്ക്‌ അച്ചുതാനന്ദനെക്കാളും വികസനമോഡിയാണ് നല്ലതെന്ന് കുട്ടി കാട്ടികൊടുത്തു. വിദ്യാര്‍ഥിയുടെ മുന്നില്‍ അധ്യാപക ജയരാജന്മാര്‍ തോറ്റു തുന്നം പാടുന്നതും നാം കണ്ടു.

ഇങ്ങനെ പോയാല്‍ കേരളത്തിലും ബി ജെ പി മുഖ്യ പ്രതിപക്ഷമാവാന്‍ അധികം താമസിക്കേണ്ടി വരില്ല. ബി ജെ പിയുടെ വോട്ട് വര്‍ധന അതാണ്‌ കാണിക്കുന്നത്. സുഷമ സ്വരാജിനെ പോലെ എല്ലാവര്‍ക്കും സമ്മതയായ ശോഭ സുരേന്ദ്രന്‍ ഉപ തെരെഞ്ഞെടുപ്പില്‍ ഏക വനിതാ എന്ന നിലയില്‍ അഭിമാനം അര്‍ഹിക്കുന്നു.

കേരളത്തില്‍ ഇടതിന് അംഗീകാരം ഉണ്ടായിരുന്നു. പാവങ്ങളുടെ വിയര്‍പ്പു പറ്റിയ ഒറ്റ രൂപ നോട്ട് പാര്‍ട്ടി ഫണ്ടായി വാങ്ങിയ കാലത്ത്. ഇന്നത്തെ സ്ഥിതി ദുബായില്‍ നിന്ന് വണ്ടി കയറിയ ഏതൊരുത്തനെയും പണത്തിനു വേണ്ടി മാത്രം പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയിലും പിന്നെ പോളിറ്റ്‌ ബ്യൂറോയിലും അങ്ങനെ MLA, MP മന്ത്രി തുടങ്ങി പാര്‍ട്ടിയുടെ തലപ്പത്ത്‌. ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി വിട്ടു മറ്റൊരു തട്ടകത്തിലേക്ക്. അതില്‍ പാര്‍ട്ടി പരിതപിച്ചിട്ട്‌ കാര്യമുണ്ടോ? ശങ്കരനും ഗോപാലനും ഊട്ടി വളര്‍ത്തിയ പാര്‍ട്ടി പ്രധാനമായും പാവങ്ങളുടെ വിയര്‍പ്പിലലിഞ്ഞ രൂപയ്ക്കായിരുന്നു വില കല്പ്പിക്കെണ്ടിയിരുന്നത് അല്ലാതെ പണക്കാരന്റെ ഡോളറും, റിയാലും, ദിനാരിനുമായിരുന്നില്ല.

ഇത്രയും പറഞ്ഞത് മുന്‍‌കാല പാര്‍ട്ടി അനുഭാവിയുടെ വിയര്‍പ്പിലലിഞ്ഞ ഒറ്റ രൂപ നാണയം പാര്‍ട്ടി ഫണ്ടായി നേടിയിരുന്ന പാര്‍ട്ടിയുടെ അധപതനത്തില്‍ ഉണ്ടായ മനോ വേദന കൊണ്ടാണ്. പുത്തന്‍ സഖാക്കളെ ചിന്തിക്കുക നമ്മുടെ പാര്‍ട്ടിയെ രക്ഷിക്കുക.

Comments:

There are 8 comments for ഉപതെരഞ്ഞെടുപ്പു നഷ്ടവും ലാഭവും

Post a Comment