അയ്യപ്പനും ദേവസ്വം മന്ത്രിയും
Posted by കറുത്തേടം | Labels: അദ്ധ്യാത്മികം, രാഷ്ട്രീയം, ലേഖനം | Posted On Sunday, November 15, 2009 at 10:03 AM

വീണ്ടുമൊരു മണ്ഡലകാലം കൂടി സമാഗതമായി. കലിയുഗ വരദനായ അയ്യപ്പന്റെ അനുഗ്രഹാശിസ്സുകള്‍ക്കായി ഭക്തന്മാര് മനസ്സും ശരീരവും അയ്യപ്പനില്‍ അര്‍പ്പിച്ചു ശരണമന്ത്രങ്ങളുമായി ശബരിമലയിലേക്ക്.
വൃശ്ചികമാസം ഒന്നാം തിയതി തുടങ്ങുന്ന മണ്ഡലം 41 ദിവസം അയ്യപ്പ ഭക്തന്മാര് അതിരാവിലെ കുളിച്ചു ശരണം വിളികളുമായി അമ്പലങ്ങളിലേക്ക് പോകും. ഇന്ത്യ മുഴുവനും ലോകത്തിന്റെ പല ഭാഗങ്ങളിലും ശരണം വിളികള്‍ അന്തരീക്ഷത്തെ പവിത്രീകരിക്കുന്നു.
ജാതി മത വ്യത്യാസമില്ലാതെ പണക്കാരന് പാവപ്പെട്ടവന് വ്യത്യാസം ഇല്ലാതെ എല്ലാവരും അയ്യപ്പന്റെ ഭക്തന്മാരാകുന്ന കാഴ്ചയാണ് ശബരിമലയില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുക. നമുക്ക് കാണാന്‍ കഴിയുന്ന ദേവനാണ് അയ്യപ്പന്. വിളിച്ചാല്‍ കൈ വിടുകയില്ല. അയ്യപ്പ വിഗ്രഹം ഒന്ന് കണ്ടു വണങ്ങാന്‍ ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ ഭക്തന്മാര് ശബരിമലയില്‍ എത്തുക പതിവാണ്. തെക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ മാത്രമല്ല വടക്കേ ഇന്ത്യക്കാരും വിദേശത്ത് നിന്ന് പോലും ഭക്തന്മാര് വന്നു കൊണ്ടിരിക്കുന്നു. ലോകത്ത് എല്ലായിടത്തും ധാരാളം അയ്യപ്പന്റെ അമ്പലങ്ങള്‍ ഇന്നുണ്ട്. ശബരിമലയില്‍ വരാന്‍ കഴിയാത്തവര്‍ അവരുടെ അടുത്തുള്ള പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിലേക്ക് ഇരുമുടികെട്ട് എടുത്തു പോകുന്നതും പതിവായിരിക്കുന്നു. ഉദാഹരണത്തിന് അമേരിക്കയില്‍ Maryland ഇല് ഉള്ള അയ്യപ്പ ക്ഷേത്രത്തിലേക്ക് ഇരുമുടി കെട്ട് എടുത്തു ധാരാളം ഭക്തന്മാര് കൊടും തണുപ്പിലും പാദരക്ഷ കൂടാതെ പോകുന്നു.
തീവ്രവാദവും രാഷ്ട്രീയവും മലിനമാക്കിയ കേരളത്തെ രക്ഷിക്കാന്‍ കലിയുഗ വരദനായ അയ്യപ്പനെ സാധ്യമാകൂ. എന്നാല്‍ ശബരിമലയില്‍ നിന്നുള്ള വരുമാനം കൊള്ളയടിക്കുന്ന ഈശ്വര വിശ്വാസമില്ലാത്ത ഭരണാധികാരികള്‍ കോടിക്കണക്കിനു ഭക്തരുടെ വിശ്വാസം തകര്‍ക്കുകയാണ്. ശബരിമലയില്‍ നിന്നുള്ള വരുമാനം അവിടെ ഭക്തര്‍ക്ക് സൌജന്യ ഭക്ഷണവും മറ്റും നല്‍കാതെ രാഷ്ട്രീയക്കാര്‍ പോക്കറ്റ് നിറയ്ക്കുകയാണ്. ശബരിമല പോലെ അല്ലെങ്കില്‍ അതിലും ഭക്തന്മാര് സന്ദര്‍ശിക്കുന്ന തിരുപ്പതിയില്‍ ഉണ്ടാകുന്ന വരുമാനം ഭക്തര്‍ക്ക് സൌകര്യങ്ങള്‍ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈശ്വര വിശ്വാസം ഉണ്ടെന്നു ഉറക്കെ പറയാന്‍ ധൈര്യമില്ലാത്ത ഒരു കൂട്ടം രാഷ്ട്രീയ കോമാളികള്‍ ശബരിമലയില്‍ നിന്നുള്ള വരുമാനം കൊള്ളയടിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്.

ഇതെല്ലം കണ്ടിട്ട് അയ്യപ്പ ഭഗവാന് എന്ത് കൊണ്ട് അവരെ ശിക്ഷിക്കുന്നില്ല എന്ന ചോദ്യമാണ് എങ്കില്‍ ഉത്തരം വളരെ ലളിതമാണ്. അയ്യപ്പ ഭഗവാന് ക്ഷമിക്കും ഭഗവാന് ശ്രീകൃഷ്ണന് ജരാസന്ധനോട് നൂറു വട്ടം ക്ഷമിച്ച പോലെ. അതിനു ഉള്ള ഉത്തരം കഴിഞ്ഞ വര്‍ഷത്തെ ദേവസ്വം മന്ത്രിയല്ല ഈ വര്‍ഷം. കഴിഞ്ഞ മകര വിളക്ക് ലൈവ് കണ്ട എല്ലാവര്ക്കും തോന്നിയ ഒരു കാര്യം ഞാന്‍ ശ്രദ്ധയില്‍ പെടുത്തട്ടെ. ദേവസ്വം മന്ത്രി TV യില്‍ മുഖം കാണിക്കാന്‍ കലിയുഗ വരദനായ അയ്യപ്പന്റെ തിരു നടയില്‍ പോയി മറ്റുള്ളവര്‍ക്ക് ശല്യമായി നിലകൊണ്ടു. അനേകം ഭക്തര്‍ കൊതിക്കുന്ന ആ ദര്‍ശനം കണ്ടു അയ്യപ്പ ഭഗവാനെ വണങ്ങാനോ മേല്‍ശാന്തി നല്കിയ പ്രസാദം സ്വീകരിക്കാനോ തയ്യാറായില്ല. ഇതെല്ലം നാം കണ്ട പോലെ ഭഗവാനും കണ്ടു. അതിനുള്ള ശിക്ഷയും അയ്യപ്പ ഭഗവാന് നല്കി. ഈ വര്‍ഷം അത്യാവശ്യം ഭക്തിയുള്ള ഒരു ദാസനെ ദേവസ്വം മന്ത്രിയായി നിയോഗിച്ചു.
സ്വാമി ശരണം..
Photo courtesy: Manorama
വൃശ്ചികം ഒന്നിന് തൊഴു കൈകളുമായി അയ്യപ്പ ഭഗവാനെ തൊഴുതു നില്ക്കുന്ന ദേവസ്വം മന്ത്രിയും ഉദ്യോഗസ്ഥ വൃന്ദവും നല്ലൊരു മണ്ഡലകാലം ഭക്തര്‍ക്കായി ഒരുക്കുമെന്ന് വിശ്വസിക്കുന്നു. സ്വാമിയെ ശരണം അയ്യപ്പാ...
Swami Saranam ....Ugran post
സ്വാമി ശരണം.
“എന്നാല്‍ ശബരിമലയില്‍ നിന്നുള്ള വരുമാനം കൊള്ളയടിക്കുന്ന ഈശ്വര വിശ്വാസമില്ലാത്ത ഭരണാധികാരികള്‍ കോടിക്കണക്കിനു ഭക്തരുടെ വിശ്വാസം തകര്‍ക്കുകയാണ്.”
ഈശ്വര വിശ്വാസമുള്ളവരും അടിച്ച് മാറ്റുന്നതില്‍ പുറകിലല്ല എന്നിരിക്കിലും ഈ വാചകം പക്ഷപാതപരമായി പോയി. ഇപ്പോഴത്തെ ഈ അവിശ്വാസികളുടെ ഗവണ്മെന്റിന് മുന്‍പിരുന്ന “വിശ്വാസികളുടെ” ഗവണ്മെന്റ് ഭരിച്ചിരുന്നപ്പോഴും ശബരിമല മേല്ശാന്തിയാക്കാന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയിരുന്നത് ദൈവ വിശ്വാസികള്‍ തന്നെയായിരുന്നില്ലേ!! അന്നും കൈയ്യിട്ട് വാരലില്ലായിരുന്നോ? ശബരിമലയില്‍ നിന്ന് പിരിഞ്ഞ് കിട്ടിയ തുട്ടുകള്‍ കൊണ്ട് കേരള ഗജനാവിലേയ്ക്ക് മുതല്‍ കൂട്ടിയതല്ലാതെ എന്ത് സൌകര്യമാണ് ശബരിമലയില്‍ നടത്തിയത്?
ശബരിമലയിലെ അയ്യപ്പനെ കാണാന്‍ ദൈവ വിശ്വാസം വേണമെന്ന് പറഞ്ഞ് തന്നതിന് നന്ദി ;) പെട്ടെന്ന് ഓര്‍മ്മ വന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ട കളക്റ്ററായിരുന്ന ഒരു വനിത ശബരിമല സീസണില്‍ സന്നിധാനത്തിലെത്തിയതാണ് :) അത് അവരുടെ ഔദ്യോഗിക നിര്‍വഹണത്തിന് വേണ്ടിയായിരുന്നു എങ്കിലും ശബരിമല വിശ്വാസങ്ങള്ക്കെതിരായായിരുന്നുവല്ലോ അല്ലേ...
ഇക്കൊല്ലം അയ്യപ്പന്മാരെ കാത്തിരിക്കുന്നത് തമിഴ്നാട്ടില്‍ നിന്നും എത്തിയിട്ടുള്ള “വിഷ” പാലാണല്ലോ....
ആര് ഭരിച്ചാലും ശബരിമല എന്നത് കേരള ഗവണ്മെന്റിന്റെ വരുമാന ശ്രോതസ്സ് എന്നതില്‍ കവിഞ്ഞ് ഒരു പരിഗണനയും ലഭിക്കുവാന്‍ പോകുന്നില്ല. ഇത്രയും നാളും അതാണ് കണ്ടത്. ഇനിയും നടകുവാന്‍ പോകുന്നതും അത് തന്നെ....
ഭക്തര്‍ അപ്പോഴും എന്നത്തെയും പോലെ പമ്പയിലെത്തി 3 കിലോമീറ്റര്‍ മല ചവിട്ടി, ക്യൂവില്‍ മണിക്കൂറുകളോളം നിന്ന്, വിഗ്രഹം ഒരു നിമിഷത്തേയ്ക്ക് കണ്ട് തിരിച്ചിറങ്ങി, പമ്പയില്‍ കുളിച്ച്, എല്ലാം മറന്ന് അടുത്ത വരവിനായി...
അപ്രുവല്‍ ഉണ്ടായിരുന്നു അല്ലേ :)
കൊള്ളയടിക്കല്‍ ഒരു പോലെ ഭക്തരും അല്ലാത്തവരും ചെയ്താലും. മനോജ് പറഞ്ഞപോലെ ഇതിലൊന്നും ശ്രദ്ധിക്കാതെ ഒരുപാട് വന്നു പോകുന്നു.
ഈ പോസ്റ്റ് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് അത് തന്നെ. ഇത്രയും പണം ലഭിക്കുമ്പോള്‍ ഭക്തര്‍ക്ക് അതിനുള്ള സൗകര്യം ഏര്‍പ്പാട് ചെയ്യേണ്ടത് ഭരണ കേന്ദ്രത്തിന്റെ ഉത്തരവാദിത്വം. അതിനു പകരം ഭക്തരില്‍ നിന്ന് KSRTC അധിക പണം ഈടാക്കുന്നു(ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല). കൈക്കൂലിയും മറ്റുമായി ഒരു വിവാദങ്ങള്‍. ശ്രീകോവിലിന്റെ മുന്പില് പോയി തൊഴാതെ നില്ക്കുന്ന (മുന്‍)ദേവസ്വം മന്ത്രി.
എന്നാല്‍ കാര്യങ്ങള്‍ കുറച്ചൊക്കെ നേരാവുന്നു എന്നൊരു തോന്നല്‍ ഇല്ലാതില്ല. ഭക്തിയുള്ള ഒരു ദേവസ്വം മന്ത്രി. നല്ലൊരു (IAS)നടത്തിപ്പുകാരന്.. ഇതൊക്കെ കൊണ്ട് കുറച്ചു ഭേദമാകും തീര്‍ച്ച.
മനോജ്, JK സന്ദര്‍ശനങ്ങള്‍ക്ക് നന്ദി. മനോജ്, അപ്രുവല്‍ വെച്ചിരുന്നു..ക്ഷമിക്കുമല്ലോ...
അയ്യപ്പന്റെ ശ്രീകോവിലില്‍ കയറാന്‍ അധികാരമുള്ള തന്ത്രിമാര്‍ പെണ്ണു കേസില്‍ അകത്താവുന്ന കാലത്ത് ഭക്തിയില്ലെങ്കിലും വിശ്വാസികളോട് ബഹുമാനമുള്ള ഒരു മന്ത്രിയെ തന്നെയായിരിക്കും അയ്യപ്പനിഷ്ടപ്പെടുക എന്ന കാര്യത്തില്‍ സംശയം വേണ്ട. മുന്‍ ദേവസ്വം മന്ത്രിയായിരുന്ന സുധാകരന് ആ വകുപ്പില്‍ നിന്നും എന്തെങ്കിലും അഴിമതി നടത്തിയെന്ന് സംഘപരിവാര്‍ പോലും പറയില്ല.
ശബ്രിമലയിലെ പണം കൊണ്ട് നാനാ ജാതി മതസ്ഥരായ കേരള ജനതയ്ക്ക് എന്തെങ്കിലും ഗുണം കിട്ടുന്നെങ്കില്‍ അതിലും സന്തോഷിക്കുന്നത് അയ്യപ്പനായിരിക്കും. തത്വമസി എന്നു പറഞ്ഞ ഭഗവാനെക്കുറിച്ചാണ് താങ്കള്‍ വര്‍ഗീയതയുടെ കണ്ണിലൂടെ സംസാരിക്കുന്നത്.
ദൈവ വിശ്വാസം ഒന്നും ഒന്നിനെയും അളക്കാനുള്ള അളവുകോലായി എടുക്കല്ലേ.
സ്വാമിശരണം
ഇക്കുറിയെങ്കിലും നല്ല വര്‍ത്തമാനങ്ങള്‍ പ്രതീക്ഷിക്കാം
:)
അയ്യപ്പ ഭഗവാന് മാത്രമല്ല നമ്മുടെ മുപ്പതു മുക്കോടി + 2 ദൈവങ്ങളും മാനവ നന്മയാണ് ആഗ്രഹിക്കുന്നത്. പുറത്തു ദൈവ വിശ്വാസം ഉണ്ട് എന്ന് പറയുന്നതില്‍ പേടിക്കുന്ന(താങ്കള്‍ ആ വകുപ്പില്‍ വരുമോ എന്നറിയില്ല) ആള്ക്കാര് ആരായാലും അവര്‍ ക്ഷേത്ര ഭരണം നടത്തുന്നതില്‍ അര്‍ത്ഥമില്ല. അത്രയേ ഞാന്‍ പറഞ്ഞുള്ളൂ. ക്ഷേത്രവും ഹിന്ദു ദൈവം എന്ന് പറഞ്ഞാല്‍ കലി തുള്ളുന്ന ഇടതു നേതാക്കളെ പോലെയുള്ള താങ്കള്‍ അല്ലെ യഥാര്‍ത്ഥ വര്‍ഗ്ഗീയ വാദികള്‍.
ഇതൊരു വര്‍ഗ്ഗീയവാദ വേദിയാകാന്‍ ഉദ്ദേശമില്ല. ഇവിടെ ഞാന്‍ ഉദ്ദേശിച്ചത് അയ്യപ്പ ദര്‍ശനത്തിനു വരുന്ന ഭക്തര്‍ക്ക് ഭക്ഷണവും മറ്റു സൌകര്യങ്ങളും സൌജന്യമായി നല്‍കണം എന്നാണു. KSRTC അയ്യപ്പ ഭക്തര്‍ക്ക് സൌജന്യ യാത്ര നല്‍കണം. ഇത്രയും വരുമാനം ഭക്തര്‍ നല്കുമ്പോള് അവരെ തിരിച്ചും സേവിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പഴയ ദേവസ്വം മന്ത്രിയുടെ അഴിമതി പുരാണം ചികയാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അദ്ദേഹവും കൂട്ടരും ഭക്തരുടെ വിശ്വാസം തകര്‍ത്തതിനെയാണ് ചൂണ്ടിക്കാണിച്ചത്. തന്ത്രി കാണിച്ചാലും തെറ്റ് തെറ്റ് തന്നെയാണ്. അതിനു അയ്യപ്പന് ശിക്ഷ നല്‍കുകയും ചെയ്തു. അതിനാരും ഒന്നും പറഞ്ഞില്ലല്ലോ?
ഈ വര്‍ഷം മുതലെങ്കിലും കുറച്ചു മോഷണം നടത്തിയാലും സര്‍ക്കാരുകള്‍ അയ്യപ്പ ഭക്തര്‍ക്ക് സൌകര്യങ്ങള്‍ ചെയ്യും എന്ന് വിശ്വസിക്കുന്നു. സ്വാമി ശരണം...
അരുണ്‍, രഞ്ജിത്ത് അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഒരു തവണയെങ്കിലും സാധാരണ അയ്യപ്പനായി മല കയറുന്നവന് ശബരിമലയിലെ കഷ്ടപ്പാടുകള്‍ മനസ്സിലാകും. പക്ഷേ വി.വി.ഐ.പി.മാര്‍ ആയി മലകയറുന്നവര്‍ അയ്യപ്പന്മാരുടെ കഷ്ടപ്പാടുകള്‍ എന്തറിയാന്‍?
ഇക്കൊല്ലം നോക്കുക കുറഞ്ഞ നിരക്കില്‍ പാര്‍ക്കിങ് സ്ഥലം ഏറ്റെടുക്കുവാന്‍ കളിനടക്കുന്നു പോലും, ശബരിമലയില്‍ ലഭിക്കുന്ന തമിഴ്നാട് പാല് കുടിച്ച് പൂജാരിമാര്‍ക്ക് വരെ വിഷബാധ ഏറ്റിരിക്കുന്നു! ജനങ്ങളെ എങ്ങിനെ എല്ലാം പിണുങ്ങാമെന്ന് “സീസണ്” തുടങ്ങും മുന്‍പേ ബിസിനസ്സുകാര്‍ കാണിച്ച് തരുന്നു!
കോടിക്കണക്കിന് രൂപ വരുമാനം നല്കുന്ന ഈ സ്ഥലത്ത് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് ആവശ്യമാണ്. പക്ഷേ എല്ലാ കാര്യത്തിലെയും പോലെ അവസാന നിമിഷത്തെ പാച്ചിലാണ് എന്നും കാണുന്നത്. മകര വിളക്കും കഴിഞ്ഞ് അയ്യപ്പന്മാര് തിരിച്ച് പോകുമ്പോഴും റോഡിന്റെ പണി നടക്കുന്നുണ്ടാകും എന്നത് തന്നെ നോക്കിയാല്‍ മതിയല്ലോ.
മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണം. അടുത്ത കൊല്ലത്തേയ്ക്കുള്ള പദ്ധതികള്‍ ഇപ്പോഴേ തുടങ്ങി വെയ്ക്കുന്നുവെങ്കില്‍ അടുത്ത മകര വിളക്കെങ്കിലും സൌകര്യമായി തൊഴാം.
പിന്നെ ദേവസം മന്ത്രിമാരായി വരുന്നവര്‍ കുറച്ചെങ്കിലും ദൈവ വിശ്വാസമുള്ളവരെ തന്നെ നിയമിക്കണം എന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ ആരോഗ്യമന്ത്രിമാരായി വരുന്നവര്‍ ഡോക്ടര്‍മാരാണോ എന്ന് തിരിച്ച് ചോദിക്കരുത്....
കടന്നപ്പള്ളിയുടെ കന്നിമല കയറ്റം മനോരമയില്‍ വന്ന വാര്‍ത്ത ഇവിടെ
ഭക്തിയുള്ള പുതിയ മന്ത്രിയുടെ ശബരിമല പരിപാലനം എങ്ങിനെയെന്ന് കാത്തിരുന്നു കാണാം. അയ്യപ്പന് എല്ലാ അനുഗ്രഹങ്ങളും അദ്ദേഹത്തിന് നല്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
മനോജ് എന്റെ അഭിപ്രായവും താങ്കളുടേത് തന്നെ. സന്ദര്‍ശനത്തിനു നന്ദി.
pelase have a look at this site http://www.ayyappa.co.in/
Sabarimala Ayyappa Seva Samajam started a full, complete function to help devotees for an easy and exploit free pilgrimage, said Kummanam Rajasekharan , All India General Secretary SASS. SASS will be having 65 centres in South India this year, in which Fifty in Kerala, Ten in Tamil Nadu, Three in Karnataka & Two in Andra Pradesh. Each centre will provide Five basic Facilities like, Food, Drinking water, medical Aid, Accomodation & information. A total of Five Thousand trained volunteers will be appointed to each centres accordingly to help pilgrims.
കറുത്തേടം...
ഒരു മന്ത്രിയെന്ന നിലയിൽ എനിക്ക് സുധാകരനോട് പ്രത്യേകിച്ച് മമതയൊന്നുമില്ല. പക്ഷെ മനസിലുള്ളത് (കുറച്ചധികം മുൻധാരണകളുള്ളതും) വിളിച്ചുപറയുന്ന സ്വഭാവം ഉണ്ടെന്നല്ലാതെ വ്യക്തിപരമായി വലിയ കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല.
അയ്യപ്പൻ ദേവസ്വം മന്ത്രിയെ മാറ്റി ഭക്തനായൊരാളെ പകരം നിയമിച്ചു എന്നെഴുതിക്കണ്ടപ്പോൾ എന്റെ ചിന്തകൾ കൂടി എഴുതണമെന്ന് തോന്നി.
ഇതിപ്പോ പഴയ ജന്മി സ്വഭാവമല്ലെ, തന്നെ വണങ്ങാത്ത ഒരാളെ മാറ്റുക, പകരം തന്റെ ഒരു ആശ്രിതനെ നിയമിക്കുക. ഇതിന് ഉന്നതങ്ങളിൽ ഇടപെടൽ വല്ലതും അയ്യപ്പനും നടത്തിയിട്ടുണ്ടോ? കഷ്ടം, ദൈവത്തെ ഇങ്ങിനെ ചെറുതാക്കല്ലെ. പണ്ടൊരു പണിക്കര്‍ ദൈവത്തെ വല്ലാതെ ചെറുതാക്കിക്കളഞ്ഞു, ഇനിയും ചെറുതാകണോ പാവം?
ഇനി, ശരിയായ ഭക്തരുടെ കാര്യത്തിൽ അയ്യപ്പന് ഉൽക്കണ്ഠയുണ്ടെങ്കിൽ ആദ്യം സ്വന്തം ഭവനത്തിലേക്ക് തന്നെയാണ് അയ്യപ്പൻ നോക്കേണ്ടത്, അയ്യപ്പൻ മാത്രമല്ല, തിരുപ്പതി വെങ്കിടാചലവും ഗുരുവായൂരപ്പനും അടക്കമുള്ള സകല വിലയേറിയ ദൈവങ്ങളും.
ആർക്കുവേണ്ടിയാണ് സ്വർണ്ണം പൂശിയ ഇക്കണ്ട ആർഭാടം മുഴുവൻ? ആർക്കുവേണ്ടിയാണ് കാശുപൊടിക്കുന്ന പൂജയോടനുബന്ധിച്ച് അനുഷ്ഠാനങ്ങൾ എന്ന പേരിൽ നടത്തുന്ന അലങ്കാരങ്ങൾ? ചെറിയൊരു കുട്ടി മൂത്രമൊഴിച്ചാൽ വരെ പുണ്യാഹത്തിനു വേണ്ടി പ്രത്യേക ചിട്ടവട്ടങ്ങൾ ഒരുക്കുന്നതിനാവശ്യമായ ആർഭാടങ്ങൾ ആർക്കുവേണ്ടിയാണ്?
ഇതെല്ലാം പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ആ ദൈവത്തിനു വേണ്ടിയാണോ?
ആരാണിവിടെ കൊള്ളയടിക്കുന്നത്, അവിശ്വാസികളോ അതോ വിശ്വാസമുണ്ടെന്ന് അവകാശപ്പെടുന്ന അധികാരത്തിലിരിക്കുന്നവരോ?
അപ്പൂട്ടന്,
പഴയ ദേവസ്വം മന്ത്രിയുടെ വ്യക്തിപരമായ നന്മ തിന്മയിലേക്ക് കടക്കുന്നില്ല. എന്നാലും അയ്യപ്പന്റെ മീതെയാണ് പാര്‍ട്ടി സെക്രെട്ടറി എന്ന അദ്ധേഹത്തിന്റെ ധാര്‍ഷ്ട്യം മറ്റുള്ള ഭക്തരില്‍ ഉണ്ടാക്കിയ വിഷമത്തെയാണ് ഉദ്ദേശിച്ചത്. ഭക്തരുടെ ഇഷ്ടമാണ് ഭഗവാന്റെ ഇഷ്ടം.
ഒരാള്‍ എത്ര നല്ലത് ചെയ്താലും വായിലെ നാവാണ് അദ്ധേഹത്തെ നല്ലവനാക്കുന്നതും ചീത്തയാക്കുന്നതും. പേരെടുത്തു പറഞ്ഞാല്‍ അദ്ധേഹത്തെക്കാളും അഴിമതി വീരന്മാരും പുത്രതെമ്മാടിത്തരങ്ങളും നിറഞ്ഞ മറ്റുള്ള മന്ത്രിമാര്‍ അച്ചുവിന്റെ കൂടെയുണ്ട്. ഞാനും അംഗീകരിക്കുന്നു വാക്ക് കടുത്തതാണെങ്കിലും ആള് നല്ലത് ചെയ്യുന്നവനാണ്.
പിന്നെ പുണ്യാഹം തുടങ്ങിയ കാര്യങ്ങളില്‍ പണ്ട് മുതലുള്ള ചിട്ട അന്ഗീകരിക്കുകയാണ് നല്ലത്. ഓരോ സ്ഥലത്തും അതിന്റേതായ പെരുമാറ്റ ചട്ടങ്ങളുണ്ട്. അത് മാറ്റാന്‍ എനിക്കോ താങ്കള്‍ക്കോ കഴിയില്ല. അത് അമ്പലമായാലും ഓഫീസായാലും.
ക്ഷേത്രം പരിപാവനമാണ് പ്രധാനം വൃത്തിയായി സൂക്ഷികുക എന്നതും. പുണ്യാഹം തുടങ്ങിയ കാര്യങ്ങള്‍ അതിന്റെ പരിപാവനത്വം സൂക്ഷിക്കാനുള്ള ഉപാധിയാണ്.
അപ്പൂട്ടന് അഭിപ്രായങ്ങള്‍ക്ക് നന്ദി.
കറുത്തേടം,
പുണ്യാഹത്തിന്റെ ആവശ്യമോ അനാവശ്യമോ അല്ല, പുണ്യാഹങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ ചിട്ടകൾക്കോ അല്ല ഞാൻ എന്റെ കമന്റിൽ പ്രാധാന്യം കൽപിച്ചത്. അമ്പലങ്ങളിൽ തന്നെ നടക്കുന്ന ധൂർത്തിനെപ്പറ്റിയാണ് ഞാൻ പറഞ്ഞത്, അതിനുമുകളിൽ രണ്ടുവാചകങ്ങൾ കൂടി ഉണ്ടെന്നത് ശ്രദ്ധിച്ചുകാണുമല്ലൊ.
ഇതിൽ താങ്കൾക്കും ഒന്നും ചെയ്യാനാവില്ലെന്നറിയാം. പക്ഷെ ഒരു വിശ്വാസി എന്ന നിലയിൽ താങ്കളിതു കൂടി ചിന്തിക്കേണ്ടതല്ലെ. ദൈവത്തിന് ഇഷ്ടപ്പെടുന്ന ഒരു ഭവനം തന്നെയാണോ നാമിന്ന് കാണുന്ന അമ്പലങ്ങളെന്ന്, അതിലെ ആർഭാടപൂർണമായ അലങ്കാരങ്ങളെന്ന്.
വാക്കുകൾ കടുത്തുപോയെങ്കിൽ ക്ഷമിക്കൂ
അപ്പൂട്ടന്,
അലങ്കാരങ്ങള്‍ കണ്ണിനും മനസ്സിനും ഒരു പോലെ ആനന്ദകരമാണ്. അലങ്കാരത്തിന്റെ ഭാഗമാണ് ഞാനും താങ്കളും ഉടുത്തൊരുങ്ങി നടക്കുന്നതും.
അമ്പലങ്ങളില്‍ നടക്കുന്ന അലങ്കാരം മാത്രം ധൂര്‍ത്ത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ അലങ്കാരങ്ങള്‍ക്കും അവിടത്തെ അധികാരികളും മറ്റും ചിലവാക്കുന്നതിനും ഒപ്പം തന്നെ ഭക്തര്‍ക്കുള്ള സൌകര്യങ്ങള്‍ ഒരുക്കണം എന്ന് തന്നെയാണ് എന്റെയും താങ്കളുടെയും ആഗ്രഹം.
ശബരിമല് പോലുള്ള വലിയ അമ്പലങ്ങളില്‍ നിന്നുള്ള വരുമാനം ചെറിയ അമ്പലങ്ങള്‍ക്കും അത് പോലെ പാവപ്പെട്ട ഭക്തര്‍ക്കുമായി ചെലവാക്കണം.
അഭിപ്രായങ്ങള്‍ പറയുമല്ലോ?
കറുത്തേടം,
അലങ്കാരം എന്നത് എന്ത് എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. ഞാനും താങ്കളും അണിഞ്ഞൊരുങ്ങി നടക്കുന്നുണ്ട്, പക്ഷെ അത് മാന്യമായ, വൃത്തിയുള്ള വേഷത്തിലും സാമാന്യം വൃത്തിയുള്ള ശരീരത്തിലും ഒതുങ്ങും. ഒരു മോതിരം പോലും എന്റെ ദേഹത്തില്ല.
പത്തുവിരലിലും സ്വർണ്ണമോതിരങ്ങളും കട്ടിയിലുള്ള സ്വർണ്ണചെയിനും പട്ടുജുബ്ബയും ധരിച്ച ഒരാൾ ചെയ്യുന്നത് വെറും അണിഞ്ഞൊരുങ്ങലാണെന്ന് താങ്കൾ പറയുമോ? അത് അലങ്കാരമാണോ ആർഭാടമാണോ അതോ മറ്റുവല്ലതുമാണോ? ഇവിടെ ആ വ്യക്തിയുടെ ഇഷ്ടമാണെന്നെങ്കിലും പറയാം. അയാളുടെ സൗന്ദര്യബോധം അത്രയേ കാണൂ. പക്ഷെ അമ്പലങ്ങളോ? ദൈവമല്ലല്ലൊ സ്വർണ്ണക്കൊടിമരവും സ്വർണ്ണം പൂശിയ ശ്രീകോവിലും സ്വർണ്ണാഭരണങ്ങളുമൊക്കെ വേണമെന്ന് പറയുന്നത്. അപ്പോൾ പ്രശ്നം മറ്റേവിടെയോ ആണ്. ജനസേവകർ സ്വന്തം മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ച കാശിന്റെ കണക്കുകൾ പത്രത്തിൽ കാണാറുണ്ടല്ലൊ (അത് ശരിയാണെന്നല്ല പറയുന്നത്), പക്ഷെ അത്തരത്തിൽ ഒരു അമ്പലമോ പള്ളിയോ മോടിപിടിപ്പിക്കാൻ ചെലവഴിക്കുന്ന പൈസയുടെ കണക്ക് കാണാറില്ല, വന്നാൽ തന്നെ അത് നെഗറ്റീവ് ആയി റിപ്പോർട്ട് ചെയ്യപ്പെടാറുമില്ല. അതും അധ്വാനിച്ചുണ്ടാക്കുന്ന പണമല്ല, സമൂഹത്തിലെ തന്നെ ഒരു വിഭാഗം സംഭാവനയായോ ഭക്തിയാലോ (നികുതിപോലെ തന്നെ) നൽകുന്നവയാണ്.
ഇങ്ങിനെ സ്വർണ്ണം പൂശിയത് കണ്ട് ആനന്ദം ലഭിക്കാനല്ല വിശ്വാസികൾ അമ്പലത്തിലേക്ക് വരുന്നത് എന്നുകൂടി പറയേണ്ടതുണ്ട്. ശരിയായ വിശ്വാസിക്ക്, ഒരു അമ്പലത്തിൽ പോകണമെന്നുണ്ടെങ്കിൽത്തന്നെ, ഇത്തരം ആർഭാടങ്ങൾ ശ്രദ്ധിക്കാൻപോലും സാധിച്ചെന്നുവരില്ല. (ഇത് ആധികാരികമായി പറയാൻ ഞാനാളല്ല എന്നുകൂടി പറയട്ടെ)
പറഞ്ഞുവന്നത് ഇത്രമാത്രം.
അഴിമതിയും കയ്യിട്ടുവാരലും മാത്രമല്ല, ധൂർത്തുകൂടി ദേവാലയങ്ങളിൽ നടക്കുന്നുണ്ട്. രാഷ്ട്രീയക്കാരെ കുറ്റം പറയുന്നതിനിടയ്ക്ക് വിശ്വാസികൾ തന്നെ മറന്നുപോകുന്ന ഒന്നാണിത്. എന്തുകൊണ്ടോ, ദൈവത്തിനായി നൽകുന്ന ധനം ഏതുവഴിയിലാണ് (അഴിമതിയല്ലാതെ) ചെലവഴിക്കപ്പെടുന്നത് എന്നത് ഒരു ഭക്തനും പ്രശ്നമല്ലതാനും.
ഈ പണം എന്ത് ചെയ്യണം? ഭക്തർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക എന്നത് ആവശ്യം തന്നെ. അതിൽ വീഴ്ച വരുന്നത് ദേവസ്വം മന്ത്രിയുടെ അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ മാത്രം പിടിപ്പുകേടാണോ? അറിയില്ല. ധാരാളം സന്നദ്ധസംഘടനകൾ ഉണ്ടല്ലൊ. അയ്യപ്പസേവാസംഘം തന്നെയുണ്ടല്ലൊ. അവർക്കും സഹായിക്കാവുന്നതേയുള്ളു.
ചെറിയ അമ്പലങ്ങൾക്ക് മാത്രമല്ല, സമൂഹത്തിന് ഗുണകരമായ രീതിയിലും ഇത് ഉപയോഗിക്കാവുന്നതാണ്. തത്വത്തിൽ ദേവസ്വം ബോർഡ് രൂപീകരിച്ചതും അമ്പലങ്ങളുടെ വരുമാനം സർക്കാർ ഖജനാവിലേയ്ക്ക് മുതൽക്കൂട്ടുന്നതും ഒക്കെ ഇതിനായിത്തന്നെയാണ്.