ജീവിതം ഒരു വിനോദ യാത്രയാണ്...

Posted by കറുത്തേടം | Labels: , | Posted On Tuesday, July 14, 2009 at 2:40 PM

ജീവിതം ഒരു വിനോദ യാത്രയാണ്. യാത്രയുടെ ലക്‌ഷ്യം സുന്ദരമായ ദൃശ്യങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുക എന്നതും. കൂടുതല്‍ ദുഷ്കരമായ യാത്രയാണെങ്കില്‍ കാഴ്ച അതിസുന്ദരം. യാത്രകഴിഞ്ഞു മടങ്ങുമ്പോള്‍ സന്തോഷമോ ദുഖമോ? ഒരു വശത്ത് ദുഖവും മറു വശത്ത് സന്തോഷവും.

യാത്രയുടെ ലക്ഷ്യവും പലതാകാം. അധ്യയനയാത്രയോ ആധ്യാത്മികയാത്രയോ ആനന്ദയാത്രയോ വിലാപയാത്രയോ എന്തുമാകാം. ലക്‌ഷ്യം നല്ലതാകാം എന്നാല്‍ അത് നിര്‍വ്വചിക്കപെടുന്ന രീതി മാറിപ്പോയാല്‍ അധ്യയനയാത്ര അധാര്‍മിക യാത്രയായും ആധ്യാത്മിക യാത്ര ആപല്‍യാത്രയായും പരിണമിക്കാം.

ഒരു നല്ല വഴികാട്ടി ഓരോ യാത്രയുടെയും വിജയത്തിന് അത്യാവശ്യമാണ്. എന്നാല്‍ ആ വഴികാട്ടി ഉത്തമനായിരിക്കണം. അതല്ലാഞ്ഞാല്‍ അധ്യാത്മിക യാത്രകൊണ്ട് അവന്‍ മനുഷ്യനെ കൊല്ലിക്കും. അധ്യയനയാത്ര ആഭാസയാത്രയും ആക്കും.

ചിന്തിക്കുക പ്രബുദ്ധരാകുക...

അച്ചുമാമ്മന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതെങ്ങനെ?

Posted by കറുത്തേടം | Labels: , | Posted On Monday, July 13, 2009 at 2:52 PM

രാഷ്ട്രീയം അഭിമാനമുള്ളവന് യോചിച്ച പ്രവൃത്തിയല്ല എന്ന് തോന്നിക്കുന്ന ഒരുപാട് ഉദാഹരണങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാം കണ്ടതാണ്. ഇതിനെല്ലാം കാരണം പാര്‍ട്ടിയെ സ്വന്തം ഇഷ്ടത്തിന് വേണ്ടി ദുരുപയോഗം ചെയ്ത നേതാക്കന്മാര്‍ തന്നെയാണ്. ഇതിനര്‍ത്ഥം രാഷ്ട്രീയം നല്ലതല്ല എന്നല്ല. വെള്ളക്കാരന്റെ അടിമത്തത്തില്‍ നിന്ന് ഭാരതത്തെ രക്ഷിച്ചത്‌ നമ്മുടെ രാഷ്ട്രീയ ബോധമായിരുന്നു. മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, വീര്‍ സവര്‍ക്കര്‍, ഭഗത് സിംഗ് തുടങ്ങിയ ധീര ദേശാഭിമാനികളുടെ രാഷ്ട്രീയപരമായ മുന്നേറ്റത്തിന്റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യം.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ലക്ഷ്യങ്ങള്‍ ജനനന്മക്കു വേണ്ടിയുള്ളതിനാണ് എന്നതിന് തര്‍ക്കമില്ല. എന്നാല്‍ അതില്‍ നിന്ന് വ്യതിചലിക്കാന്‍ തുടങ്ങുമ്പോള്‍ പാര്‍ട്ടി തകരും. അതിന്റെ ഉദാഹരണങള്‍ ആണ് മാറി മാറി കേരളം ഭരിക്കുന്ന ഇടതു വലതു പാര്‍ട്ടികളുടെ പതനം.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാഷ്ട്രീയ നേതാക്കള്‍ നമുക്കുണ്ട്. അടല്‍ ബിഹാരി വാജ്പയീ, അദ്വാനി, മന്‍മോഹന്‍ സിംഗ്, പവാര്‍, കരുണാനിധി, കരുണാകരന്‍,
അച്യുതാനന്ദന്‍, ജ്യോതിബസു തുടങ്ങിയവര്‍ രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. എന്നാല്‍ ഇന്ന് അവര്‍ അവരവരുടെ പാര്‍ട്ടിക്ക് സമ്മതരാണോ? അല്ലെങ്കില്‍ എന്തുകൊണ്ട്?

അച്ചുതാനന്ദന്‍ 86 വയസ്സിലും കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്നു എന്നതില്‍ ജനങ്ങള്‍ക്കില്ലാത്ത അനിഷ്ടം പാര്‍ട്ടിക്ക് എങ്ങിനെ ഉണ്ടായി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടായോ കോപം? എന്ന് വേണം ഈ അവസരത്തില്‍ ചിന്തിയ്ക്കാന്‍.

ഇങ്ങനെ നിരവധി നേതാക്കന്മാരുടെ പ്രവര്‍ത്തന ഫലമാണ് ഇന്നുള്ള ഇടതുപക്ഷ പ്രസ്ഥാനം. അത് മറന്നാകരുത് പുതിയ തലമുറയുടെ പാര്‍ട്ടി പ്രവര്‍ത്തനം. പഴുത്ത ഇല കൊഴിയുമ്പോള്‍ പച്ച ഇല ചിരിക്കുന്നത് പോലെയാണോ ഇന്നത്തെ പുതിയ നേതാക്കന്മാര്‍. ഈ പുതിയ നേതാക്കന്മാരും കാലത്തിന്റെ കുത്തൊഴുക്കില്‍ പഴുത്ത ഇലയാവും മറക്കരുത്?