ഒരു റിയാലിറ്റി ഓണം

Posted by കറുത്തേടം | Labels: , , | Posted On Monday, August 31, 2009 at 9:35 AM

ഇന്ന് എന്തിനും ഏതിനും ഒരു റിയാലിറ്റി ടച്ച്‌ വേണം. കല്യാണമായാലും ഫസ്റ്റ് നൈറ്റ്‌ ആയാലും എന്തിനു ഒന്ന് മുള്ളുന്നത് വരെ റിയാലിറ്റിയായാല്‍ പ്രേക്ഷകര്‍ ധാരാളം.

ഈ വര്‍ഷത്തെ ഓണവും റിയല്‍ ആക്കാന്‍ ഒരു പ്രമുഖ ചാനല്‍ മുന്നോട്ടു വന്നിരിക്കുകയാണ്. "സ്റ്റാര്‍ ഓണം സീസണ്‍ 4 " എന്ന ഈ പ്രോഗ്രാം എന്തുകൊണ്ടും സൂപ്പര്‍ ഹിറ്റ് ആകും എന്നതിന് യാതൊരു സംശയവും ഇല്ല. പരിപാടിയുടെ ഇരട്ടി പരസ്യം അതിന്റെ ഒരു തെളിവായി ചാനല്‍ തന്നെ തുറന്നു പറയുന്നു.

"സ്റ്റാര്‍ ഓണം സീസണ്‍ 4 " ഇല്‍ വിധി കര്‍ത്താക്കളായി ജനങ്ങളെ പൊറുതി മുട്ടിക്കുന്നത്‌ ഓണത്തെ എങ്ങനെ വിറ്റു കാശാക്കാം എന്ന് പഠിച്ച "ദി പിന്നൈ സില്‍ക്സ്‌" ഓണര്‍ പട്ടാംബരവും ഗുണ്ട മാനേജ്മെന്റില്‍ ഡിപ്ലോമ നേടിയ നമ്മുടെ മന്ത്രി പൊടിയേരിയും പിന്നെ ചാനല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു റിയാലിറ്റി ഷോയില്‍ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ പാലേട്ടനും.

"സ്റ്റാര്‍ ഓണം സീസണ്‍ 4-ഇല്‍ " അവതാരകയായി എത്തുന്നത്‌ കെട്ടിപിടുത്തത്തില്‍ സമര്‍ത്ഥയായ മഞ്ഞിനിയും ചടുല നൃത്തചുവടുമായി മുകിലയുമാണ്.

വളരെ വാശിയേറിയ മത്സരം അതിന്റെ അവസാന റൌണ്ട് ആയ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ എത്തി ചേര്‍ന്നിരിക്കുകയാണ്. "സ്റ്റാര്‍ ഓണം സീസണ്‍ 4" വിജയിക്ക് മഹാബലി നേരിട്ട് പാതാളത്തിലേക്ക് ഒരു യാത്ര സ്പോണ്‍സര്‍ ചെയ്യും കൂടാതെ ഒരോണക്കോടിയും.

പന്ത്രണ്ടു മാസം പന്ത്രണ്ടു വിവിധ റൌണ്ട്കളില്‍ നിന്ന് തെരഞ്ഞെടുത്ത അഞ്ചു പേരാണ് ഗ്രാന്‍ഡ്‌ ഫിനാലെയില്‍ എത്തിയിരിക്കുന്നത്. ഒന്നാമത്തെ റൌണ്ട് ആയ "പൂക്കളം പൊളിവചനം" റൌണ്ടില്‍ പിണങ്ങാരായിയുടെ ഉഗ്രന്‍ പ്രകടനം പ്രേക്ഷകരെ കോരിത്തരിപ്പിച്ചു.

"മാനുഷരെല്ലാരും ഗുണ്ട പോലെ" റൌണ്ടില്‍ ഒരു പാട് നല്ല പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. രാജേഷിന്റെയും പ്രകാശിന്റെയും പ്രകടനം വിധികര്‍ത്താക്കളുടെ പ്രത്യോക പ്രശംസയ്ക്ക് കാരണമായെങ്കിലും ആ റൌണ്ടില്‍ ടോപ്‌ മാര്‍ക്ക് നേടിയത് സതീശനായിരുന്നു. എന്നാല്‍ "സംവിധായക മര്‍ദ്ദന" സംഗതി പ്രയോഗിച്ച ചെറുപ്പക്കാര്‍ പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടവരായി.

"തുണിയില്ലാ" റൌണ്ടില്‍ കോണക ധാരിയായ മഹാത്മാവിനെ പിന്തള്ളി ഒരു പാട് മുന്‍ മലയാളി നായികമാര്‍ കൂടുതല്‍ മാര്‍ക്ക് നേടി.

"എഴുത്താണി" റൌണ്ടില്‍ പ്രശസ്ത തിരക്കഥ രചയിതാക്കളായ പോലീസുകാരെ പിന്തള്ളി മലയാള ബ്ലോഗ്ഗര്‍മാര്‍ ശക്തമായ തിരിച്ചു വരവ് നടത്തി. കാപ്പിലാനും നിരക്ഷരനും കറുത്തേടവും സൂപ്പര്‍ സ്റ്റാര്‍ പാലെട്ടന്റെ അടുത്ത പടത്തിന് തിരക്കഥ എഴുതും എന്ന് സൂപ്പര്‍സ്റ്റാര്‍ പാലേട്ടന്‍ പ്രഖ്യാപിച്ചു.

"ചിരിപോലി" റൌണ്ടില്‍ അച്ചുമാമനും കൂട്ടരും തകര്‍ത്തു. ചുരളീധരന്റെ ടീം പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി.

ഉത്രാട രാത്രിയില്‍ മലയാളികള്‍ അക്ഷമരായി കാത്തിരിക്കുന്ന ഗ്രാന്‍ഡ്‌ ഫിനാലെ അരങ്ങേറുകയാണ്. വിധി കര്‍ത്താക്കളായ സൂപ്പര്‍സ്റ്റാര്‍ പാലേട്ടനും പോടിയെരിക്കും പട്ടംബരത്തിനും പുറമേ ചിരിക്കുട്ടന്‍, പക്കീല, ലീഡര്‍ തുടങ്ങിയ പ്രഗല്‍ഭരും വിധി നിര്‍ണയത്തിനായി രംഗത്തുണ്ട്.

സുപ്രസിദ്ധ തെന്നിന്ത്യന്‍ മാദകറാണി നയനറാണിയുടെ അത്യുഗ്രന്‍ നഗ്ന നൃത്തം പ്രേക്ഷകരെ കോരി തരിപ്പിക്കുകയാണ്. അതിനു ശേഷം മഞ്ഞിനിയും മുകിലയും വാക്കുകളെ വികലമാക്കി അലങ്കോലമാക്കി കസറുകയാണ്.

എഴുത്തിനെ ആയുധമാക്കിയ മലയാള ബ്ലോഗ്ഗറുടെ പ്രതിനിധിയായ ബ്ലോഗരന്‍ തന്റെ ഒരുഗ്രന്‍ നമ്പരായ "വാക്ക് യുദ്ധം" നടത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

ജാതി ഭേദം മത ദ്വേഷം മറന്നു എല്ലാചാനലുകളും ഇത് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. സമ്മാന ദാനത്തിനു സാക്ഷാല്‍ മാവേലിയെ കൊണ്ടുവരാനാണ് അണിയറ നീക്കം.

"ബോറുകാടിന്റെ" ഫില്ലര്‍ മാജിക്ക് കണ്ടു ജനം മടുത്തു എന്നത് അവരുടെ മുഖം കണ്ടാല്‍ അറിയാം. അടുത്ത് "S" ആകൃതി നമ്പരുമായി പിണങ്ങാരായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരുപാട് പാര്‍ട്ടി എസ്സ് എം എസ്സ് സ്വന്തമായുള്ള അയാളുടെ ഗ്രാന്‍ഡ്‌ ഫിനാലെ പ്രവേശനം ജനം പ്രശ്നമാക്കിയതാണ്.

പിന്നീട് എത്തിയ "മുങ്ങല്‍" നമ്പരുമായി രാജേഷും കൂട്ടരും ആണ്. പ്രശസ്ത മാജിക്കുകാരെപ്പോലും ഞെട്ടിച്ചു അവര്‍ അത് പെര്‍ഫോം ചെയ്തു.

അതിനിടയില്‍ ഓണത്തിനിടക്ക് പുട്ട് കച്ചവടവുമായി ഒരു ബുക്ക്‌മായി എത്തിയിരിക്കുകയാണ് പസ്വാന്ത്‌ സിംഗ്. വിചാരിച്ചത്ര സ്വീകരണം ലഭിക്കാത്തതിനാല്‍ പാകിസ്ഥാനിലേക്ക് പോകാന്‍ അദ്ദേഹം ഒരുങ്ങുകയാണ്.

അടുത്ത പ്രകടനം ചുരളീധരന്റെയാണ് "നാണമില്ല"നമ്പരുമായി തറവാട്ടിലേക്ക് മടങ്ങുക എന്ന ഏക അംഗ നാടകം അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അത് കണ്ടു ബോറടിച്ച ജനം ആ സീരിയല്‍ നടി ആരെന്നുള്ള ചര്‍ച്ചയിലാണ്.

ആരെയും കൂസാത്ത ശാന്തനല്ലാത്ത ശാന്തന്റെ നൃത്തം നമ്പര്‍ വിധികര്‍ത്താക്കളെ കുഴക്കിയെന്നാണ് തോന്നുന്നത്.

റിയാലിറ്റി മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തില്‍ ഇരുന്ന പോയ ജനം ഉത്രാട രാത്രി കഴിയുന്നത്‌ അറിഞ്ഞില്ല. വിജയി ആരാകും എന്ന അവരുടെ ടെന്‍ഷന്‍ കൂടി കൂടി വരികയാണ്. എല്ലാവരും തുല്യമായി പ്രകടനം കാഴ്ച വച്ചിരിക്കുന്നു.

തിരുവോണ ദിവസം രാവിലെ 6 മണിയായി ഒരു വീട്ടിലും പൂക്കളം ഇട്ടിട്ടില്ല. ഓണത്തപ്പനെ വച്ചില്ല. എല്ലാവരും വിജയിയെ കാണാനും റിയല്‍ മാവേലിയെ കാണാനും ടീവിയുടെ മുന്‍പിലാണ്.

വിജയിയെ പ്രഖ്യാപിക്കാനുള്ള അവസാന നിമിഷം സമാഗതമായി. സമ്മാനദാനത്തിനു എല്ലാവരും അക്ഷമരായി പ്രമുഖ കോണക നിര്‍മ്മാതാക്കളുടെ എം ഡി യായ കോണകം കോപാലന്‍ വിജയിയെ പ്രഖ്യാപിച്ചു "ചുരളീധരന്‍" നാണമില്ലാത്ത നാടകം അവതരിപ്പിച്ചു പ്രേക്ഷകരെയും നാണം കെടുത്തിയ അദ്ധേഹത്തിനു സമ്മാനം നല്‍കാന്‍ മാവേലിയായി മേയ്ക്കപ്പ് വേഷമിട്ട "വയറന്‍ രാഘവന്‍ " ചുരളിയുടെ തലയ്ക്കു ചവിട്ടി ഒരു കോടി കോണകം സമ്മാനമായി നല്‍കി.

അങ്ങനെ ഒരു റിയാലിറ്റി ഓണം കൂടി കഴിഞ്ഞു.

കുറിപ്പ്: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്.

കലാലയ സ്മരണകള്‍

Posted by കറുത്തേടം | Labels: , | Posted On Thursday, August 20, 2009 at 1:24 PM


തിങ്കളാഴ്ച പ്രഭാതസ്നാനവും കഴിഞ്ഞു അമ്മയുടെ വീടിനടുത്തുള്ള ശിവ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി നമ്മുടെ കഥാനായകന്‍ അപ്പു എന്ന് വീട്ടില്‍ വിളിക്കുന്ന അശ്വിന്‍ കോളേജിലേക്ക്.

തലേ ദിവസത്തെ തോരാത്ത മഴയില്‍ നിറഞ്ഞ പാടം പാതി മുറിച്ചു പോകുന്ന പാതയിലൂടെ പുറത്തു തൂക്കുന്ന പുസ്തക സഞ്ചിയുമായി അശ്വിന്‍ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. പച്ചനിറത്തിലുള്ള "ഗോപികുട്ടന്‍" എന്ന സിറ്റി ബസ്‌ ആളുകളെ കുത്തി നിറച്ചു പാതയോരത്ത് ഓല മേഞ്ഞ ബസ്‌ വെയ്റ്റിംഗ് ഷെഡ്‌ നു മുന്‍പില്‍ നിര്‍ത്തി. പൂവാട്ടുപറമ്പില്‍ നിന്ന് പന്തീരാങ്കാവ് വഴി കോഴിക്കോട് സിറ്റിയിലേക്ക് പോകുന്ന ബസ്‌ "പൊക്കുന്നു" സ്റ്റോപ്പില്‍ നിര്‍ത്തിയതും കുത്തിത്തിരക്കി പുറകു വശത്തെ ഡോറിലൂടെ പുറത്തേക്കു തള്ളപ്പെട്ടു.

പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകള്‍ അവിടവിടെ കാണാം. പലരെയും കാണുമ്പോള്‍ അശ്വിന്‍ ഭയചകിതനായി. റാഗിംഗ് ഉണ്ടാവുമോ എന്നറിയില്ലല്ലോ?

മതിച്ചു നടന്ന പ്രീഡിഗ്രിക്കാലം. അശ്വിന്‍ ഒരു നിമിഷം ഓര്‍ത്തു പോയി. ജൂനിയര്‍ കുട്ടികളെ റാഗ് ചെയ്തതും ഒന്നാം വര്‍ഷം തന്നെ സീനിയര്‍ ചേട്ടന്മാര്‍ തീപ്പെട്ടി കൊള്ളി കൊണ്ട് മണ്ണാര്‍ക്കാട് കോളേജിന് മുന്നിലെ ടാറിട്ട റോഡ്‌ അളപ്പിച്ചതും എല്ലാം. വിപ്ലവ പാര്‍ട്ടിയുടെ യുവനേതാവായ താന്‍ രണ്ടാം വര്‍ഷം 41 ദിവസം സമരം വിളിച്ചതും. തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന സമയത്ത് അടി പേടിച്ചു കോളേജിന്റെ മുന്നിലെ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ അഭയം തേടിയതും ഒരു റീ കാപ് പോലെ മനസ്സിന്റെ വെള്ളിത്തിരയില്‍ മിന്നി മാഞ്ഞു.

ബസ്സിറങ്ങി അശ്വിന്‍ മറ്റു കുട്ടികളുടെ കൂടെ ടാറിട്ട പാതയിലൂടെ കോളേജിലേക്ക് നടന്നു. മനസ്സില്‍ നിറയെ പ്രതീക്ഷകളുമായി ഭൌതിക ശാസ്ത്രത്തില്‍ ബിരുദം നേടുക എന്ന ലക്ഷ്യ പൂര്‍ത്തീകരണവുമായി മലമുകളിലേക്ക്. ഏകദേശം ഒരു കിലോമീറ്റര്‍ ടാറിട്ട പാത അവസാനിക്കുന്നത് ഒരു കുന്നിന്മുകളില്‍. വളരെ അധികം പ്രഗല്‍ഭര്‍ പഠിച്ചിറങ്ങിയ സുന്ദര കലാലയം. നടത്തത്തിനു വേഗം കൂടി. ഒമ്പത് മണിക്ക് ക്ലാസ്‌ ആരംഭിക്കും.

പാതി ദൂരം താണ്ടിയപ്പോള്‍ കോളേജിന്റെ ഇരുമ്പ് ഗെയ്റ്റ് തലയുയര്‍ത്തി വിദ്യാര്‍ഥികളെ അനുഗ്രഹിക്കാനെന്ന വണ്ണം നിലകൊള്ളുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ വാണരുളുന്ന ഗുരുവായൂരിലെ ഗുരുവായൂരപ്പന്റെ പേരാണ് കോളേജിനും.

കുറച്ചു കൂടി നടന്നു നീങ്ങിയപ്പോള്‍ പാതി പണി തീര്‍ന്ന പാത്തുമ്മയുടെ രൂപം ശാപ മോക്ഷത്തിനായി കാത്തു നില്‍ക്കുന്നു. വളഞ്ഞു ചുരം മാതിരി പോവുന്ന റോഡിലൂടെ പോവാതെ എളുപ്പവഴിയിലൂടെ അശ്വിന്‍ മലകയറാന്‍ തുടങ്ങി. ആ ഒറ്റ വരി പാതയില്‍ മിഡിയും ടോപ്പും ധാരിയായ ഒരു പെണ്‍കുട്ടിയും നടന്നു പോകുന്നു. നടത്തത്തെ ക്ഷീണം ബാധിച്ചെങ്കിലും മുന്നില്‍ പോകുന്ന ആ കൊച്ചു പെണ്‍കുട്ടിയെ ഒന്ന് ശ്രദ്ധിച്ചു. നടത്തത്തിനു വേഗം കൂട്ടണം എന്നുണ്ടെങ്കിലും കാലുകള്‍ അവശമായി.

കോളേജിന്റെ മുറ്റത്തെ ഗ്രൗണ്ടില്‍ എത്തിയ അശ്വിന്‍ ഉള്ളിലെ ഭയം പുറത്തു കാട്ടാതെ ഓഫീസ് റൂം ലക്ഷ്യമാക്കി വീണ്ടും മുന്നോട്ട്.കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ കണ്ണില്‍ പെടാതെ മുന്നോട്ടു പോകണ്ടേ. പാര്‍ട്ടിക്കാരുടെ പോസ്റ്റര്‍കളും കൊടിതോരണങ്ങളും ക്യാമ്പസ്സിനെ ഒരു ഉത്സവപറമ്പ് പോലെ മനോഹരമാക്കിയിരുന്നു. ചുവപ്പും കാവിയും നീലയും നിറത്തിലുള്ള വ്യത്യസ്ത വര്‍ണ്ണ വിസ്മയം.

ഓഫീസില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശപ്രകാരം ഭൌതികശാസ്ത്ര വിഭാഗം ഓഫീസിന്റെ അടുത്തേക്ക് രാജപ്രൌഡി വിളിച്ചോതുന്ന വരാന്തകളിലൂടെ അശ്വിന്‍ അനുസരണയുള്ള ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെ നടന്നു. ഒന്നാം വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് സ്വാഗതം എന്നെഴുതിയ ക്ലാസ്സ്‌ റൂമിലേക്ക്‌ അശ്വിന്‍ കയറി. മുന്‍വശത്തെ ബെഞ്ചില്‍ മിഡിയും ടോപ്പും ധരിച്ച ഒരു കൊച്ചു പെണ്‍കുട്ടി.

(തുടരും)

ദേവുട്ടന്‍റെ പൊന്നോണം

Posted by കറുത്തേടം | Labels: | Posted On Friday, August 14, 2009 at 5:00 PM

നാട്ടിലേക്ക് പോകാനുള്ള ഉത്സാഹത്തിലാണ് ദേവുട്ടനും ഏട്ടന്‍ അപ്പുട്ടനും. ഈ തവണത്തെ ഓണം മുത്തശ്ശിയുമൊത്ത് നാട്ടിലാണ്. അമ്മയുടെ കൂടെ ദേവുട്ടനും അപ്പൂട്ടനും ഞായറാഴ്ച എയര്‍ ഇന്ത്യയില്‍ ഷിക്കാഗോയില്‍ നിന്ന് പുറപ്പെടുകയാണ്.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ദേവുട്ടന് മനസ്സ് നിറയെ പൊന്നോണ നിറങ്ങളാണ്. കഴിഞ്ഞകൊല്ലം ഓണത്തിന് മുത്തശ്ശിയുമൊത്ത് തൃക്കാക്കര അപ്പനെ പൂജിച്ചതും കൂട്ടുകാരുമൊത്ത് ഓടി കളിച്ചതും എല്ലാം ഒരു കൊല്ലം കഴിഞ്ഞും ദേവന്‍ മറന്നിട്ടില്ല.

കുന്തിപ്പുഴയുടെ തീരത്തുള്ള തറവാട്ടില്‍ ഈ തവണയും ഓണത്തിന് എല്ലാവരും വരുന്നുണ്ട്. കാനഡയില്‍ നിന്ന് കുഞ്ഞഫനും ദോഹയില്‍ നിന്നും വല്ല്യമ്മയും മനുവേട്ടനും,ദേവന്‍ ആകെ സന്തോഷതിമിര്‍പ്പിലാണ്.

കഴിഞ്ഞ ഓണത്തിന് തറവാട്ടിലെ അടുക്കള ഭാഗത്തുള്ള പുളിമരത്തില്‍ ഊഞ്ഞാലാടിയതും അടുത്ത വീട്ടിലെ കൂട്ടുകാരായ കണ്ണനും മാളുവുമൊത്തു കുട്ടിയും കോലും കളിച്ചതും ദേവന് ഇന്നലെ കഴിഞ്ഞപോലെ.

കളിക്കിടയില്‍ കോല്കൊണ്ട് മാളുവിന്റെ കൈ മുറിഞ്ഞതിനു അമ്മ ചീത്ത പറഞ്ഞു. പിന്നെ അത് മതിയാക്കി കുഞ്ഞമ്മാമന്‍ പഠിപ്പിച്ച പതിനഞ്ചാം പുലി കളിക്കാന്‍ പോയി.

മാളു നാലാം ക്ലാസ്സിലും കണ്ണന്‍ ഏഴാം ക്ലാസ്സിലും. കണ്ണന്റെ ചേച്ചി കീര്‍ത്തി ഒമ്പതാം ക്ലാസ്സുകാരിയാണ്‌. കീര്‍ത്തിയും അപ്പു ഏട്ടനും കിഴക്കേലെ രാജുവും സീനിയര്‍ സെറ്റാണ്. അപ്പു ഏട്ടന്‍ തൂതപ്പുഴയില്‍ കുളിക്കാന്‍ പോയി വരാന്‍ വൈകിയതില്‍ പേടിച്ച അമ്മ കുറെ വഴക്ക് പറഞ്ഞു. സ്വിമ്മിംഗ് പൂളില്‍ നീന്തുന്ന പരിചയം അല്ലെ എട്ടനുള്ളൂ.

അത്തം തുടങ്ങി പൂവിടുന്ന ജോലി ഞങ്ങളുടെതാണ്. അച്ഛനും അപ്ഫനും മാതേവര വയ്ക്കും. മുത്തശ്ശി നേദിക്കും. തൊടിയില്‍ എല്ലാ തരം പൂക്കളുമുണ്ട്. ചെമ്പരത്തി പൂവാണ് അധികം. മുക്കുറ്റി, റോസ്, കരവീരകം പൂക്കള്‍ വേറെയും.
മണ്ണ് കൊണ്ടുള്ള മാതേവര ഒരുട്ടിയത് കുഞ്ഞനാണ്. അത് കുഞ്ഞന്റെ അവകാശം പോലെയാണ്. മാതേവര മഹാതേവരായ മഹാവിഷ്ണു തന്നെയാണ്. വാമന രൂപത്തിലുള്ള മഹാവിഷ്ണുവിനു നിവേദ്യം സമര്‍പ്പിച്ചേ മുത്തശ്ശി ചായ കുടിക്കുകയുള്ളൂ.

മൂലം നാള്‍ മുതല്‍ മൂട്ടില്‍ അണിയണം എന്നാണു. മുത്തശ്ശന്‍ അണിയാന്‍ കേമനാണ്. അരിഅരച്ച് അതില്‍ ചെമ്പരത്തി ഇലയുടെ ചാറുപിഴിഞ്ഞ് കൊഴുപ്പിച്ചെടുത്തു അതാണ്‌ അണിയുന്നത്.

ഓണത്തിന് ഓരോദിവസം അടുക്കുമ്പോഴും അണിയലിനും പൂക്കളത്തിനും മാറ്റ് കൂടും. തിരുവോണ ദിവസം ഗംഭീര സദ്യയും.കാളന്‍, ഓലന്‍, എലിശ്ശേരി, പുളിയിഞ്ചി, കടുമാങ്ങ, പപ്പടം, പഴം നുറുക്ക്,ഉപ്പേരി, ശര്‍ക്കര ഉപ്പേരി പിന്നെ പായസം രണ്ടുതരം. അടപ്പായസം പഴം പ്രഥമന്‍. ഇതെല്ലം കഴിഞ്ഞാല്‍ ക്ഷീണിച്ചു ഉറങ്ങിപ്പോകും.

ഓണസദ്യ കഴിഞ്ഞതും മനസ്സിന് ആകെ ഒരു വിഷമം ഓണം കഴിയുകയല്ലേ...

പുനപ്രസിദ്ധീകരണം - ആല്‍ത്തറയില്‍ പ്രസിദ്ധീകരിച്ചതാണ്

സ്വാതന്ത്ര്യം 2009

Posted by കറുത്തേടം | Labels: | Posted On Thursday, August 13, 2009 at 12:06 PM

ഭാരതത്തിനു ബ്രിട്ടിഷ്‌ കിരാതരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച സുദിനമാണ് ഓഗസ്റ്റ്‌ 15. സാധാരണ തീവ്രവാദികളില്‍ നിന്നാണ് ഭീഷണി എങ്കില്‍ ഈ വര്‍ഷം പന്നിപനിയും തീവ്രവാദികളോട് ഒപ്പം നില്‍ക്കുന്നു. തീവ്രവാദം പാകിസ്ഥാനില്‍ നിന്നെങ്കില്‍ പന്നിപനിയുടെ വരവ് പ്രധാനമായും അമേരിക്കയില്‍ നിന്നും. ഇതൊക്കെയാണെങ്കിലും സ്വതന്ത്ര ഇന്ത്യക്ക് ഇതൊന്നും വലിയ ഭീഷണി അല്ല. നമ്മുടെ പട്ടാളം ഏത് അവസ്ഥയെയും കൈകാര്യം ചെയ്യാന്‍ പ്രാപ്തരാണ്. എന്നാല്‍ നാം നമ്മുടെ നാട്ടിലെ തീവ്രവാദികളെ തിരിച്ചറിയണം അവരെ കൈകാര്യം ചെയ്യാന്‍ പട്ടാളത്തിന് കഴിയില്ലല്ലോ.അത് പോലെ അമേരിക്കയില്‍ നിന്നും വിമാനം കയറി വരുന്ന പന്നിപനിയെ വിമാനത്താവളത്തില്‍ വച്ച് പിടിക്കാം എന്നാല്‍ നാട്ടില്‍ പെരുകുന്ന പന്നിപനിയെ നാം വായും മൂക്കും മൂടിക്കെട്ടി തന്നെ എതിര്‍ക്കണം.

പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ തിളങ്ങുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്തും കല സംഗീത രംഗത്തും ഇന്ത്യ തങ്ങളുടെ മുന്നേറ്റം തുടരുകയാണ്.

ഇന്ത്യയുടെ പുരോഗതി അസൂയയോടെ നോക്കുന്ന രാജ്യക്കാരും വിരളമല്ല. തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന ഇവര്‍ ഇന്ത്യയുടെ നയങ്ങളെ ചോദ്യം ചെയ്യുകയാണ്. തീവ്രവാദികളെ അമര്‍ച്ച ചെയ്യുക എന്ന വാദത്തോടെ രാഷ്ട്രങ്ങളെ ആക്രമിക്കുന്ന ഈ പാശ്ചാത്യ രാഷ്ട്രങ്ങള്‍ പ്രധാനമായും അമേരിക്ക ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തെ പറ്റിയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. ഇന്ത്യയുടെ അത്രയും സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങള്‍ക്ക് അമേരിക്കയില്‍ ലഭിക്കുന്നുണ്ടോ? ഒരു മുസ്ലീമായതിനാല്‍ നമ്മുടെ മുന്‍ രാഷ്ട്രപതിപോലും അമേരിക്കകാരാല്‍ അപമാനിക്കപ്പെട്ടു. നമ്മുടെ പ്രിയനടന്‍ മമ്മൂട്ടിയെയും മുസ്ലീമായതിനാല്‍ അവര്‍ അപമാനിച്ചത് നമുക്ക് മറക്കാന്‍ പറ്റില്ല. ഇത്രയും മത നിന്ദ ചെയ്യുന്ന അവര്‍ക്കെങ്ങനെ ഇന്ത്യയുടെ മത സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കാനാകും. ചൈനയില്‍ മുസ്ലീങ്ങളെ വെടിവച്ച് കൊന്നപ്പോഴും അവര്‍ തന്നെ അഫ്ഗാനിലും പാകിസ്ഥാനിലും ഇറാഖിലും മുസ്ലീം പള്ളികളും മറ്റും ബോംബിട്ടു അനേകം പേരെ കൊന്നപ്പോഴും ഈ മത സ്വാതന്ത്ര്യ ചിന്ത എവിടെയായിരുന്നു. പാകിസ്ഥാനില്‍ ഹിന്ദുക്കളും ക്രൈസ്തവരും ആക്രമിക്കപ്പെട്ടപോഴും ഈ മതസ്വാതന്ത്ര്യക്കാര്‍ എവിടെയായിരുന്നു. ഈ ചൈനയിലും പാകിസ്ഥാനിലും അമേരിക്കയിലും നടക്കുന്ന ന്യൂനപക്ഷ പീഡനം ഇന്ത്യയില്‍ നടക്കുന്നില്ല. നമ്മുടെ സര്‍ക്കാരുകള്‍ എന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്.

സര്‍ക്കാര്‍ തലത്തില്‍ നമ്മുടെ ഭരണാധികാരികള്‍ ന്യൂനപക്ഷ സംരക്ഷണം നല്‍കുന്നുണ്ട്. അതില്‍ ബാഹ്യ ഇടപെടലുകള്‍ ധൈര്യപൂര്‍വ്വം തള്ളിക്കളയാന്‍ ഇന്ത്യയുടെ ഭരണാധികാരികള്‍ ചങ്കൂറ്റം കാണിക്കണം.

എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

വന്ദേമാതരം

പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ (വേണം) വേണ്ട !

Posted by കറുത്തേടം | Labels: | Posted On Sunday, August 9, 2009 at 8:04 PM

"ധര്‍മ്മാര്‍ത്ഥകാമാ: സമ എവസേവ്യാ:
യ ഏക സേവീ സ:നരോ ജഘന്യ: "

ധര്‍മ്മം അര്‍ത്ഥം കാമം ഇവ സമമായി സേവിക്കപ്പെടണം. ഒന്നിനെ മാത്രം സേവിക്കുന്നവന്‍ നിന്ദ്യനെന്നു ഭഗവാന്‍ വേദവ്യാസന്‍ മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ട്. വിവാഹ കര്‍മ്മം ചതുര്‍വര്‍ഗ്ഗ ഫല പ്രാപ്തിക്കുള്ള ഒന്നിന്റെ ശുഭാരംഭവും.
വിവാഹം സന്തുഷ്ടമാകണമെങ്കില്‍ മനപ്പൊരുത്തം തന്നെയാണ് വേണ്ടതായിട്ടുള്ളത്. എന്നാല്‍ ഈ മനപ്പൊരുത്തം എങ്ങനെ മനസ്സിലാക്കണം. ഒരു തവണയോ പത്തു തവണയോ കണ്ടാല്‍ സംസാരിച്ചാല്‍ അതുണ്ടാവുകയില്ല. എന്നാല്‍ ഒരു പാടുകാലം ഇടപഴകി കല്യാണം കഴിക്കാന്‍ നമ്മുടെ സമൂഹം അംഗീകരിക്കുകയും ഇല്ല. (മേല്‍ പറഞ്ഞതില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വായനക്കാര്‍ക്ക് ഉണ്ടാകാം). ഈ അവസരത്തിലാണ് പൊരുത്തം നോക്കുന്നതിന്റെ പ്രസക്തി. എന്നാല്‍ പൊരുത്തം നോക്കിയാല്‍ മാത്രവും പോര.

ഇന്ന് പൊരുത്തം നോക്കാന്‍ ജ്യോത്സ്യന്‍ വേണ്ട എന്ന പരസ്യവാചകം പല ഭാഷകളിലും ഇന്‍റര്‍നെറ്റില്‍ സുലഭമാണ്. ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസികളെ ലക്‌ഷ്യം വെച്ചാണ് ഈ പരസ്യങ്ങളുടെ ഒഴുക്ക്. ഇത് നമ്മുടെ ജനങ്ങളുടെ ജ്യോതിഷത്തിലും പൊരുത്തം നോക്കലിലും ഉള്ള വിശ്വാസത്തെ അടിവരയിടുന്നതാണ്. ഹിന്ദുക്കള്‍ മാത്രമല്ല ക്രൈസ്തവരും മുഹമ്മദീയരും ഇന്ന് ജാതകം നോക്കുന്നുണ്ട്. സ്വന്തം കാര്യം വരുമ്പോള്‍ കുറച്ചു ജ്യോതിഷമോ വാസ്തുവോ തെറ്റില്ല എന്നാണു ഓരോരുത്തരുടെയും ചിന്ത. വലതു പക്ഷക്കാര്‍ക്ക് ജ്യോതിഷവും അമ്പലവും അയിത്തമല്ല എന്നാല്‍ ഇവയെ അയിത്തം കല്‍പ്പിച്ച ഇടതു നേതാക്കള്‍ വരെ തങ്ങളുടെ ഭാവി അറിയാന്‍ കണിയാനെ സമീപിച്ചതായാണ് കേട്ടറിവ്.

പൊരുത്തം എന്നാല്‍ റോക്കറ്റ് ശാസ്ത്രമല്ല. വളരെ ലളിതമായ ഒന്നാണ് പൊരുത്തം നോക്കല്‍. എന്നാല്‍ ജ്യോതിഷത്തില്‍ ആഴത്തിലുള്ള അറിവ് യഥാര്‍ത്ഥ വിശകലനവും തെറ്റില്ലാത്ത പ്രവചനവും സാധ്യമാക്കും.
നാം തിരഞ്ഞെടുക്കുന്ന ജ്യോത്സ്യന്‍ ഉത്തമ ജ്യോത്സ്യനല്ലെന്കില്‍ ആണ് പ്രവചനവും പൊരുത്തവും താളം തെറ്റുന്നത്. ഇവിടെയാണ്‌ ജ്യോതിഷത്തെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ നിരത്തുന്ന തെളിവുകള്‍ ജനം നിവൃത്തിയില്ലാതെ അന്ഗീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജ്യോതിഷം അല്ല കുറ്റക്കാര്‍. തെറ്റായി പ്രാക്ടീസ് ചെയ്യുന്ന ആള്‍ക്കാരാണ്.

ഇന്ന് ഓണ്‍ലൈനില്‍ നിരവധി സൈറ്റുകള്‍ സൌജന്യമായും അല്ലാതെയും പൊരുത്തം നോക്കുന്നുണ്ട്. ഒരളവു വരെ അത് ശരിയുമാണ്. എന്നാല്‍ ജ്ഞാനമുള്ള ഒരു ജ്യോത്സ്യന്‍ ഗണിക്കുന്നത് മാതിരി ശരിയായി കൊള്ളണം എന്നില്ല.

എന്താണ് പൊരുത്തം ?

നക്ഷത്രങ്ങളെ ആധാരമാക്കി പത്തു വിധം പൊരുത്തങ്ങള്‍ ആണ് നോക്കാറുള്ളത്. അതില്‍ തന്നെ രജ്ജു വേധം തുടങ്ങിയ പൊരുത്തങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്. ഇത് നമുക്ക് തന്നെ സ്വയം നോക്കാവുന്നതേ ഉള്ളൂ. രണ്ടു പേരുടേയും നക്ഷത്രം അറിഞ്ഞാല്‍ മാതൃഭൂമി പഞ്ചാംഗം നോക്കി മനസ്സിലാക്കാവുന്നതാണ്. ഇത് മാത്രം നോക്കിയാല്‍ മതിയാകില്ല യഥാര്‍ത്ഥ പൊരുത്തം അറിയാന്‍.

പാപസാമ്യം ദശാസന്ധി തുടങ്ങിയവ കൂടി നോക്കിയാലെ യഥാര്‍ത്ഥ പൊരുത്ത നിര്‍ണ്ണയം സാധ്യമാവുകയുള്ളൂ. രണ്ടുപേരുടെയും ജാതകത്തില്‍ ഉള്ള പാപഗ്രഹങ്ങള്‍ നില്‍ക്കുന്ന ഇടങ്ങളെ ആധാരമാക്കിയാണ് പാപസാമ്യം നിര്‍ണയിക്കുന്നത്. രണ്ടു പേരുടേയും ദശകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാറുന്നതിനാണ് ദശാസന്ധി എന്ന് പറയുന്നത്. ഇതെല്ലം ശരിയായി, തമ്മില്‍ കണ്ടു കുടുംബ പശ്ചാത്തലവും നോക്കിയാണ് വിവാഹം നിശ്ചയിക്കേണ്ടത്.

പൊരുത്തം നോക്കാതെയും കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നവരുണ്ട്‌. അതിനര്‍ത്ഥം ജ്യോതിഷം ശരിയല്ല എന്നല്ല മറിച്ച് മനസ്സിന്റെ പൊരുത്തവും ദൈവാധീനവും അവരുടെ ജാതകം പൊരുത്തമുള്ളതാക്കി എന്നാണു.