തേക്കടി കണ്ണീര്‍ തടാകമായി

Posted by കറുത്തേടം | Labels: , | Posted On Wednesday, September 30, 2009 at 2:13 PM


വിനോദസഞ്ചാരികള്‍ കയറിയ "ജലകന്യക" ബോട്ട് വെള്ളത്തില്‍ മുങ്ങി 34 പേരിലധികം ആളുകള്‍ മരിച്ചതായി മീഡിയ റിപ്പോര്‍ട്ടുകള്‍.

തേക്കടി തടാകത്തില്‍ വിനോദസഞ്ചാരികള്‍ കയറിയ ബോട്ട് മുങ്ങി 34 പേര്‍ മരിച്ചു. 20 പേരെ കാണാതായി. ബുധനാഴ്ച രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരില്‍ 13 പേര്‍ കുട്ടികളും 11 പേര്‍ സ്ത്രീകളുമാണ്. നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്.ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. ഏതാനും മലയാളികളും വിദേശികളും ഉണ്ട്. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. മൃതദേഹങ്ങള്‍ കുമളി പെരിയാര്‍ ആസ്​പത്രി, സെന്റ് അഗസ്റ്റിന്‍സ് ആസ്​പത്രി, ഗവണ്‍മെന്റ് ആസ്​പത്രി എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആസ്​പത്രികളിലും കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ട് 5.15നായിരുന്നു നാടിനെ നടുക്കിയ അപകടം. തേക്കടി തടാകത്തില്‍ വിനോദസഞ്ചാരികളുമായി പോയ കെ.ടി.ഡി.സി.യുടെ 'ജലകന്യക' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 75 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ ബോട്ടില്‍, ജീവനക്കാരുള്‍പ്പെടെ 76 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 500 മീറ്റര്‍ മുമ്പായി മണക്കവല എന്ന ആഴമേറിയ ഭാഗത്താണ് അപകടം.
65 പേര്‍ക്കാണ് കെ.ടി.ഡി.സി.യുടെ ടിക്കറ്റ് കൗണ്ടറില്‍നിന്ന് ടിക്കറ്റ് നല്‍കിയത്. എന്നാല്‍, ടിക്കറ്റ് ആവശ്യമില്ലാത്ത കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബോട്ടിലുണ്ടായിരുന്നു. തേക്കടി തടാകത്തിന്റെ അടിയില്‍ ചെളി നിറഞ്ഞുകിടക്കുകയാണ്. 55 അടിയോളം വെള്ളമുള്ള സ്ഥലത്താണ് അപകടമുണ്ടായത്.

രണ്ടുനിലയുള്ള ഫൈബര്‍ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കാറ്റുപിടിച്ചപ്പോള്‍ ബോട്ട് ആടിയുലഞ്ഞതാണ് അപകടത്തിനിടയാക്കിയതെന്ന് സൂചനയുണ്ട്. താഴത്തെ ഡെക്കിലുണ്ടായിരുന്നവരാണ് മരിച്ചവരില്‍ അധികവും. ടിക്കറ്റ് നല്‍കുമ്പോള്‍ പേര് രേഖപ്പെടുത്താത്തതിനാല്‍ മരിച്ചവരെപ്പറ്റിയോ പരിക്കേറ്റവരെപ്പറ്റിയോ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല.

വൈകിട്ട് നടന്ന അപകടമായതിനാലും ബോട്ട് ലാന്‍ഡിങ്ങില്‍നിന്ന് 45 മിനിട്ട് യാത്രചെയ്താല്‍ മാത്രമേ ഇവിടെ എത്താന്‍ കഴിയൂ എന്നതിനാലും അപകടത്തിന്റെ തീവ്രതയേറി. വനംവകുപ്പിന്റെ ഒരു ബോട്ട് അപകടം നടന്ന് അല്പസമയത്തിനുശേഷം ഇതുവഴി എത്തിയതിനാലാണ് പുറംലോകം വിവരമറിഞ്ഞത്. പിന്നാലെയെത്തിയ രണ്ട് യാത്രാബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി.
രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ തേക്കടിയില്‍ വേണ്ടത്ര സംവിധാനം ഇല്ലാതിരുന്നതും ദുരന്തത്തിന്റെ രൂക്ഷത കൂട്ടി. ബോട്ട് ലാന്‍ഡിങ്ങില്‍ ലഭ്യമായ രണ്ട് ബോട്ടുകളില്‍ സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെങ്കിലും 45 മിനിട്ട് യാത്രയ്ക്കുശേഷം സ്ഥലത്തെത്തിയപ്പോഴേക്കും മരണസംഖ്യ ഉയര്‍ന്നിരുന്നു.

വെളിച്ചത്തിന്റെ കുറവും മുങ്ങല്‍വിദഗ്ദ്ധരുടെ അഭാവവും രാത്രിയിലെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. രാത്രിയോടെ കൊച്ചിയില്‍നിന്നുള്ള നേവിയുടെ 10 അംഗ മുങ്ങല്‍വിദഗ്ദ്ധസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കമ്പത്ത് സിനിമാ ഷൂട്ടിങ് നടത്തിയിരുന്ന ഒരുസംഘം അവരുടെ വെളിച്ച സംവിധാനങ്ങളുമായി സ്ഥലത്തെത്തിയിട്ടുണ്ട്.

Sources:

Mathrubhumi
Asianet
Indiavision
Manoramaonline
NDTV
Dinamalar

വിജയദശമി - വിദ്യാരംഭം

Posted by കറുത്തേടം | Labels: , , | Posted On Saturday, September 26, 2009 at 9:38 AM


സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ



ഇത് നവ രാത്രിക്കാലം. ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയേയും ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയേയും വിദ്യാദേവതയായ സരസ്വതീ ദേവിയെയും പൂജിക്കുന്ന ഒമ്പത് ദിവസങ്ങള്‍. കന്നിമാസത്തിലെ കറുത്തവാവ്‌ കഴിഞ്ഞ്‌ വരുന്ന ഒന്‍പത്‌ ദിവസം (പ്രതിപദം, ദ്വിതീയ, ത്രിതീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ടി, സപ്തമി, അഷ്ടമി,നവമി,ദശമി) ആണ് നവ രാത്രിയായി ആഘോഷിക്കുന്നത്‌. മഹിഷാസുരനെ ആദിപരാശക്തി വധിച്ച്‌ വിജയം കൈവരിച്ച സ്മരണയാണു നവരാത്രി ആഘോഷമായി നാം കൊണ്ടാടുന്നത്. ദശമി ദിവസം വിജയദിവസമായും നാം ആഘോഷിക്കുന്നു. ദുര്‍ഗ്ഗമന്‍ എന്ന അസുരന്‍ സകല ലോകങ്ങള്‍ക്കും ഉപദ്രവകാരിയായി തീര്‍ന്നപ്പോള്‍ ദേവന്മാരുടെ പ്രാര്‍ത്ഥനയാല്‍ ദേവി ദുര്ഗ്ഗഷ്ടമി ദിവസം പ്രത്യക്ഷയായി. മഹാനവമി ദിവസം ദേവി അസുരനെ വധിച്ചു ലോകത്തിനു സമാധാനം നല്‍കി. ദശമി ദിവസം വിജയദിനമായി കൊണ്ടാടി ദേവന്മാര്‍ ദുര്‍ഗ്ഗ ദേവിയെ ആരാധിച്ചു.

നവരാത്രിക്കാലത്ത്‌ അതിരാവിലെ കുളിച്ചു ദേവിയെ ആരാധിക്കുന്നവര്‍ക്ക് ദുഃഖമോചനം, സന്താനലബ്ധി, തൊഴില്‍ലബ്ധി ഇവ സാധ്യമാകുന്നതാണ്.
അഷ്ടമി ദിവസം പൂജ വച്ച് നവമി ദിവസം ദേവിയെ ഭജിച്ചു ദശമി ദിവസം പൂജയെടുക്കാവുന്നതും ആണ്. പൂജ വക്കുക എന്നാല്‍ പഠിക്കുന്നവര്‍ തങ്ങളുടെ പുസ്തകങ്ങളും, ജോലിക്കാര്‍ പണിയായുധങ്ങളും ദേവിക്ക് മുന്‍പില്‍ വച്ച് പൂജിക്കുന്നതാണ്. അടുത്ത ഒരു വര്‍ഷം തങ്ങള്‍ക്കു ഉണ്ടാകേണ്ട നന്മയ്ക്കായി ദേവിയെ ആരാധിക്കുന്നതാണ് ഇതിന്റെ ഉദ്ദേശം.




കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നതിന്റെ ഒരു വീഡിയോ.



എല്ലാ വായനക്കാര്‍ക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ !

മതം യുക്തിവാദം നിരീശ്വരവാദം - ഒരു വിശകലനം

Posted by കറുത്തേടം | Labels: , , , | Posted On Tuesday, September 15, 2009 at 2:21 PM

മലയാളം ബ്ലോഗ്ഗുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയമാണ് മത പ്രചാരണവും നിരീശ്വരവാദവും യുക്തിവാദവും. ആദ്യമേ പറയട്ടെ ഈയുള്ളവന്‍ ഒരു മത പ്രചാരകനല്ല എന്നാല്‍ നിരീശ്വരവാദിയും അല്ല.

ബ്ലോഗിങ്ങ് എന്നത് കൊണ്ട് നമുക്ക് ഇഷ്ടമുള്ള വിഷയത്തെ കുറിച്ച് എഴുതുക എന്നതാണ്. അത് ശരിയും ആണ്. എന്നാല്‍ വായിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കുക അതും സാധ്യമല്ല. എന്നാല്‍ മറ്റൊരാളെ വിഷമിപ്പിക്കാതിരുന്നു കൂടെ?

എന്താണ് നമ്മുടെ യുക്തിക്ക് ശരി എന്ന് തോന്നുന്നതിനെയാണോ യുക്തി വാദം എന്ന് പറയുന്നത് എന്നറിയില്ല. ഏതായാലും മറ്റൊരാളുടെ വിശ്വാസം അപ്പാടെ തെറ്റ് എന്ന് പറയുന്നതിനെ യുക്തിവാദം എന്ന് വിളിക്കാന്‍ പറ്റില്ല.

ഒരു മതത്തില്‍ പിറന്നു അതില്‍ കാണുന്ന തെറ്റുകളെ ചൂണ്ടിക്കാട്ടിയാല്‍ അയാളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന മതം ( അല്ലെങ്കില്‍ മതപ്രചാരകര്‍) ഏതായാലും അതൊരു മതമല്ല സംസ്കാരമല്ല. ഭാരതം വിഭാവനം ചെയ്യുന്ന സംസ്കാരത്തില്‍ ആണ് നാമിന്നു ജീവിക്കുന്നത്. ഇവിടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നാം ജനിച്ചു വീണ മതത്തെ വിമര്‍ശിക്കാന്‍ പോലും. വര്‍ഷങ്ങളായുള്ള വൈദേശിക ആക്രമണങ്ങളിലും നശിക്കാത്ത സംസ്കാരത്തിന് ഉടമയാണ് ഭാരത്തിലെ ഓരോരുത്തരും. അഹിംസക്ക് പ്രാധാന്യം നല്‍കുന്ന സംസ്കാരമാണ് നമ്മുടേത്.

ഒരു തരത്തില്‍ പറഞ്ഞാല്‍ നാമെല്ലാം യുക്തിവാദികള്‍ ആണ്. നിത്യ ജീവിതത്തില്‍ നമ്മുടെ യുക്തിക്കു തോന്നുന്നതാണ് നാം പ്രവര്‍ത്തിക്കുന്നത്. ഒരു പ്രത്യോക മതത്തില്‍ ജനിച്ചത്‌ കൊണ്ട് ആ മത ഗ്രന്ഥത്തില്‍ പറയുന്നത് മുഴുവന്‍ പ്രാവര്‍ത്തികമാകാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ട്. അത് കൊണ്ടാണ് പറയുന്നത് നാം യുക്തിവാദികള്‍ ആണെന്ന്.

ഇതൊക്കെ പറഞ്ഞാലും യുക്തി വാദത്തിന്റെ പേരില്‍ മതങ്ങളെ തള്ളിപറയുന്നതിലും അര്‍ത്ഥമില്ല. ഓരോ മതത്തിനും സംസ്കാരത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട്. അതെ അവസരത്തില്‍ വര്‍ഷത്തില്‍ 365 ദിവസവും മഞ്ഞു മൂടിക്കിടക്കുന്ന ഒരു പ്രദേശത്ത് ഉണ്ടായ മത ഗ്രന്ഥത്തില്‍ പറയുന്ന എല്ലാ കാര്യങ്ങളും മരുഭൂമിയില്‍ പോയി പ്രാവര്‍ത്തികം ആകിയാല്‍ എങ്ങനെയിരിക്കും ? അതുപോലെ മരുഭൂമിയില്‍ ഉണ്ടായ മത ഗ്രന്ഥത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും വസ്ത്രധാരണം ഉള്‍പ്പെടെ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കും? ഓരോ പ്രദേശത്തും ഉടലെടുത്ത മതം അതാതു പ്രദേശത്തെ പരിതസ്ഥിതിക്ക് അനുസരിച്ച് ഉണ്ടായതാണ്. അങ്ങിനെയിരിക്കെ അങ്ങനെയൊരു മതത്തില്‍ പിറന്ന ഒരു യുക്തി ചിന്തയുള്ള യുവാവ് അല്ലെങ്കില്‍ വൃദ്ധന്‍ അതിനെ എതിര്‍ത്താല്‍ അതില്‍ ഒരു തെറ്റും ഇല്ല.

എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യനന്മക്കു ആയി ഉണ്ടായിട്ടുള്ളതാണ്. അതില്‍ ഒരു സംശയവും ഇല്ല. വെറും മത പ്രചാരണം ലക്‌ഷ്യം വെക്കുന്നവര്‍ക്ക്‌ അത് കാണാന്‍ ആകില്ല. തന്റെ മതം ശരി മറ്റുള്ള മതങ്ങള്‍ എല്ലാം തെറ്റ് എന്ന് പറയുന്നതില്‍ ഒരു യുക്തിയും ഇല്ല. ആദ്യം നാം നമ്മുടെ മതത്തെപ്പറ്റി കൂടുതല്‍ അറിയുക അതില്‍ നാം ജീവിക്കുന്ന കാലത്തിനും കാലാവസ്ഥക്കും ഇണങ്ങാത്ത പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. അവിടെയേ നന്മ വിളയൂ. ഇല്ലെങ്കില്‍ ഫലം അധോഗതിയാകും.

നാം നമ്മുടെ മതത്തെ കുറിച്ച് അറിഞ്ഞിട്ടു മറ്റുമതങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുക. തന്റെ മതം മാത്രം പ്രചരിപ്പിക്കുക എന്ന വികലമായ ഉദ്ദേശം മാത്രം അല്ലെങ്കില്‍ മറ്റു മതങ്ങളില്‍ നന്മ കാണാനാകും തീര്‍ച്ച. മറ്റുമതക്കാരുടെ വസ്ത്രധാരണ രീതി സംസ്കാരം എന്നിവ നല്ലതെന്ന് തോന്നുണ്ടെങ്കില്‍ സ്വീകരിക്കുക. മറ്റു മതങ്ങളില്‍ നന്മ കണ്ടെത്തിയാല്‍ ഭഗവാന്‍ നമ്മളെ ശിക്ഷിക്കില്ല മാത്രവും അല്ല നമുക്ക് നന്മയെ വരൂ. ഭാരത സംസ്കാരത്തില്‍ പറയുന്ന പോലെ ലോകാ: സമസ്താ: സുഖിനോ ഭവന്തു. സകല ലോകങ്ങളിലും ഉള്ളവര്‍ക്ക് നന്മ വരട്ടെ.

ഒരാള്‍ തീരുമാനിക്കുന്നു എനിക്ക് ഒരു മതവും ഈശ്വരനും ഇല്ല. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. മത സ്വാതന്ത്ര്യം പോലെ മതമില്ല എന്ന് പറയുന്നതിനും സ്വാതന്ത്ര്യം ഉണ്ട്. ഒരാള്‍ മറ്റൊരാള്‍ക്ക് ഉപദ്രവം ആകുന്നില്ലെന്കില്‍ അയാളുടെ മതം ഏതായാലും മതമില്ലെന്കിലും കുഴപ്പമില്ല. ഈ മതങ്ങള്‍ ഉണ്ടാക്കിയതും നിയമങ്ങള്‍ ഉണ്ടാക്കിയതും മനുഷ്യരാണ്. 5000 വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്കാരത്തില്‍ വൈദേശിക ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും നമ്മുടെ നന്മ നശിച്ചിട്ടില്ല. ശൈവരും വൈഷ്ണവരും നാസ്തികരും ആസ്തികരും നിരീശ്വരവാദികളും യുക്തിവാദികളും വൈദേശിക മതസ്ഥരും ഇവിടെ ജീവിക്കുന്നു.

ഭൂരിപക്ഷ മതത്തെ മാത്രം എതിര്‍ക്കുന്നത് മതേതരത്വമാണ്‌ എന്ന മറ്റൊരു കൂട്ടരും ഓരോ രാജ്യത്തും ഉണ്ട്. യഥാര്‍ത്ഥത്തില്‍ ആ വര്‍ഗ്ഗം ഇതില്‍ ഒന്നും പെടാത്തതാണ്. ഓരോ രാജ്യത്തും അവിടത്തെ മതത്തിനെതിരായും ഭരണത്തിനെതിരായും ചലനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ആ സ്വാതന്ത്ര്യത്തെ മുതലെടുക്കുകയും അരുത്. യഥാര്‍ത്ഥത്തില്‍ ഒരു മതത്തെയും എതിര്‍ക്കുന്നതല്ല മതേതരത്വം. എല്ലാ മതങ്ങളിലും ഉള്ള നന്മയെ കണ്ടെത്തുകയും അതിനെ സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ മതേതരത്വം.

ഒരേ മതത്തില്‍ തന്നെ അല്ലെങ്കില്‍ മത ഗ്രന്ഥങ്ങളില്‍ പ്രദേശത്തിന് അനുസരിച്ച് ചടങ്ങുകളില്‍ വസ്ത്രധാരണ രീതികളില്‍ സംസ്കാരത്തില്‍ വ്യത്യസ്തത കാണാം. ഉദാഹരണത്തിന് കേരളത്തില്‍ ജനിച്ച നാം ഹിമാലയത്തില്‍ പോയി മുണ്ട് മാത്രം ഉടുത്തെ പ്രാര്‍ത്ഥന നടത്തുക ഉള്ളൂ എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം. ഇതൊരു ഉദാഹരണം ഇത് മാതിരി എല്ലാ മതസ്ഥരും ചിന്തിക്കുക.

കേരളത്തിന്റെ കാലാവസ്ഥക്ക് നമ്മുടെ വസ്ത്രധാരണ രീതി അനുയോജ്യമാണ്. ഇവിടെ വന്നാല്‍ ഷര്‍ട്ട്‌ ഇട്ടു ആരാധന സ്ഥലത്ത് പ്രവേശിക്കരുത് എന്ന് പറയുന്നു. അത് ഈ കാലാവസ്ഥക്ക് അനുസരിച്ച നിയമം. അത് അംഗീകരിക്കുക. അതെ മതത്തില്‍പെട്ടവര്‍ തന്നെ ഹിമാലയത്തില്‍ കമ്പിളി വസ്ത്രം ധരിച്ചു പ്രവേശിക്കുന്നു. അവിടെ ചെന്ന് അതെ മതത്തില്‍പ്പെട്ടവര്‍ കമ്പിളി വസ്ത്രം ധരിക്കില്ല എന്ന് പറഞ്ഞാല്‍ തണുത്തു രോഗ ബാധിതന്‍ ആകും.

പാശ്ചാത്യ രാജ്യത്ത് തണുപ്പില്‍ നിന്ന് രക്ഷ നേടുന്നത് കൊണ്ട് ടൈയും കോട്ടും ധരിച്ചു ആരാധന നടത്തുന്നു. ആ കാലാവസ്ഥക്ക് അനുസരിച്ച് അത് ശരിയാണ്. ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ അവിടെ ചെന്ന് ഇതൊന്നും പാടില്ല എന്ന് പറയുന്നതില്‍ ഒരു യുക്തിയും ഇല്ല.

ഒരു മതം നല്ലതല്ല എന്ന് പറഞ്ഞു മതം മാറ്റം നടത്തുന്നതില്‍ എന്തര്‍ത്ഥം. ഓരോ മതവും സംസ്കാരവും മനുഷ്യ നന്മയ്ക്കാണ്. ഓരോ പേര് വിളിക്കുന്നു അത്ര തന്നെ. പണമോ മറ്റു പ്രലോഭനങ്ങള്‍ നല്‍കി മതം മാറ്റിയാല്‍ അത് കിട്ടാതാകുമ്പോള്‍ അവന്‍ തിരിച്ചു ചിന്തിക്കും. സ്വാതന്ത്ര്യമില്ലാത്ത പ്രദേശത്ത് അവര്‍ക്ക് തിരിച്ചു മാറാന്‍ പറ്റില്ല. പിന്നെ ജീവിതം കണ്‍ഫ്യൂഷന്‍ ആകും. ജനിച്ച മതം ശരിക്ക് പഠിക്കാതെ ഇരിക്കുമ്പോഴാണ് പ്രലോഭനങ്ങള്‍ക്ക് വശംവദര്‍ ആകേണ്ടിവരുന്നത്.

മതമേധാവികള്‍ തെറ്റ് ചെയ്‌താല്‍ അതിനെ ചോദ്യം ചെയ്യുന്നതില്‍ ഒരു തെറ്റും ഇല്ല. എന്നാല്‍ അത് എല്ലാ മതങ്ങളിലും അനുവാദമില്ല എന്നത് ഒരു നഗ്ന സത്യമാണ്. കല്യാണം കഴിക്കാന്‍ അനുവദനീയമാല്ലാത്ത മത പ്രവര്‍ത്തികളില്‍ ഉള്ളവര്‍ ആണും പെണ്ണും കാമ നിവൃത്തിക്ക് ശ്രമിച്ചു അബദ്ധം പിണഞ്ഞാല്‍ അതിനെ അംഗീകരിക്കുക അല്ല യഥാര്‍ത്ഥ മത വിശ്വാസികള്‍ ചെയ്യേണ്ടത്. ഈ അവസരങ്ങളില്‍ എതിര്‍ക്കുക തന്നെ വേണം. ആ വിശ്വാസികളുടെ കൂടെയേ ഈശ്വരന്‍ ഉണ്ടാകൂ. തീര്‍ച്ച.

ചുരുക്കത്തില്‍ എല്ലാ മതങ്ങളും നന്മയുടെ സന്ദേശങ്ങളാണ് നല്‍കുന്നത്. നമ്മുടെ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കുക. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും.

ലോകാ: സമസ്താ: സുഖിനോ ഭവന്തു:

കുത്തിയവന്‍ ഒരുവന്‍ - உன்னைப்போல் ஒருவன்

Posted by കറുത്തേടം | Labels: , , | Posted On Sunday, September 13, 2009 at 3:17 PM


ഉലകനായകനും നമ്മുടെ സുപ്പര്‍സ്റ്റാര്‍ ലാലേട്ടനും അങ്ങ് ചെന്നൈയില്‍ உன்னைப்போல் ஒருவன் - ഉന്നൈപ്പോല്‍ ഒരുവന്‍ പടം പിടിക്കുമ്പോള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നമ്മുടെ ഏമാന്മാരും പിടിക്കുന്നു ഒരു പടം "കുത്തിയവന്‍ ഒരുവന്‍". നിരവധി ഭാഷകളില്‍ റീ മേയ്ക് ചെയ്യാന്‍ സാധ്യതയുള്ള പടത്തിന്റെ കഥയും തിരക്കഥയും നമ്മുടെ ഏമാന്മാര്‍. തുടക്കം മുതല്‍ ഒടുക്കം വരെ സസ്പെന്‍സ് ത്രില്ലര്‍. കുത്തിയവന്‍ ആരെന്നുള്ള അന്വേഷണമാണ് സിനിമയുടെ കഥ. സാധാരണ പടങ്ങളിലെ പോലെ തന്നെ എല്ലാ മസാലയും ഒരു പോലെ കൂട്ടികൊഴച്ചു പരുവപ്പെടുത്തി എടുത്ത ഈ പടത്തില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരും ഗുണ്ടകളും ആണ് മുഖ്യ വേഷത്തില്‍ എത്തുന്നത്‌.

കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നു. സിനിമയുടെ സസ്പെന്‍സ് നിലനിര്‍ത്താനായി ഷൂട്ടിംഗ് കഴിഞ്ഞേ കഥ പറയുകയുള്ളൂ എന്ന പഴഞ്ചന്‍ ശൈലി മാറ്റി സംവിധായകന്‍ പത്ര സമ്മേളനം നടത്തി അതാതു ദിവസത്തെ ഷൂട്ട്‌ ചെയ്യാനുള്ള കഥ പറയും.

പടത്തിന്റെ പൂജ കഴിഞ്ഞു ആദ്യം ഷൂട്ട്‌ ചെയ്തത് ക്ലൈമാക്സ്‌ ആയിരുന്നു. യുവ ബിസിനസ്‌കാരനെ കുത്തികൊലപ്പെടുത്തുന്നു. അടുത്ത ദിവസം ഷൂട്ട്‌ ചെയ്യാനുള്ള സീന്‍ കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തി തൊണ്ടിയായി പിടിക്കുന്നതാണ്.

"S" ആകൃതിയിലുള്ള കത്തി കൊണ്ടാണ് കുത്തേണ്ടത്. അതുണ്ടാക്കാനുള്ള ഓര്‍ഡര്‍ ചെയ്യാന്‍ തോമാച്ചായന്‍ പോയതേ ഉള്ളൂ. ആ കത്തി പ്രതി എന്ന് പറയുന്ന കാറി ചാണ്ടി എന്ന ആളുടെ വീട്ടില്‍ നിന്നാണ് എടുക്കേണ്ടത്.

ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഈ പടത്തിന്റെ റീവ്യൂ നമ്മുടെ ചാനല്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പടത്തിനെ തകര്‍ക്കാന്‍ ഉദ്ദേശിച്ചാണെന്ന് പടത്തിന്റെ സംവിധായകരും നിര്‍മ്മാതാക്കളും പറയുന്നു. കാറി ചാണ്ടി എന്ന ആളുടെ അമ്മ പോലീസുകാര്‍ കൊണ്ടിട്ട കത്തിയാണെന്ന് പറയുന്ന സീന്‍ പടത്തില്‍ ഇല്ലെങ്കിലും ചാനലുകളില്‍ കാണിച്ചു.

അടുത്ത ദിവസം ഷൂട്ടിംഗ് പിടിച്ച പ്രതികളെ ജയിലില്‍ ആക്കുന്നതാണ്. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടിച്ചു പത്രസമ്മേളനത്തില്‍ നമ്മുടെ പോലീസ് പറയുന്നു. ഉടന്‍ തന്നെ പ്രതിപക്ഷം പറയുന്നു ഇതെല്ലം നുണയെന്നു. യഥാര്‍ത്ഥ പ്രതികള്‍ പിടിച്ചവര്‍ എന്നാണു തിരക്കഥയില്‍ അത് അംഗീകരിക്കാന്‍ പൊതുജനം തയ്യാറാകില്ല എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ന്റെ അടിസ്ഥാനത്തില്‍ തിരക്കഥ മാറ്റിയെഴുതുന്നു. യഥാര്‍ത്ഥ ഗുണ്ടകള്‍ നാടുവിട്ടു പോയി എന്നാക്കുന്നു. യഥാര്‍ത്ഥ കഥയില്‍ ഒരു നടിയും വേറൊരാളും കൂടി കാറിലുണ്ടായിരുന്നു എന്നാണു. എന്നാല്‍ ആ നടിയെ പിടിച്ചാല്‍ എല്ലാവരും കുടുങ്ങും എന്ന സത്യം ഉള്ളതിനാല്‍ ഈ തിരക്കഥയില്‍ അതുണ്ടാകില്ല.

അങ്ങനെ പുതിയ പ്രതികള്‍ തമിഴ്നാട്ടില്‍ ഉണ്ടെന്നു കഥ മാറ്റിയെഴുതി. ആ ഗുണ്ടകളെ തമിഴ്‌നാട് പിടിക്കുന്നതും അവരെ ഏറ്റുവാങ്ങാന്‍ 2 മണി ക്കൂറിനുള്ളില്‍ നമ്മുടെ പോലീസ് അവിടെ എത്തുന്നതും ആയ സീന്‍ അടുത്ത ദിവസം ഷൂട്ട്‌ ചെയ്യും.

ഇതിവിടെ അവസാനിക്കുന്നില്ല പടത്തിന്റെ ഷൂട്ട്‌ പുരോഗമിക്കുന്നതോടൊപ്പം കൂടുതല്‍ വിവരങ്ങളുമായി അടുത്ത ലക്കത്തില്‍...

ശ്രീകൃഷ്ണ ജയന്തി

Posted by കറുത്തേടം | Labels: , , , | Posted On Friday, September 11, 2009 at 6:05 AM




എല്ലാ വായനക്കാര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍

ശനിയുടെ മാറ്റം (09/09/09) 2009 സെപ്റ്റംബര്‍ 9 നു രാത്രി - ഫലങ്ങളും പരിഹാരവും

Posted by കറുത്തേടം | Labels: , , , , , , | Posted On Tuesday, September 8, 2009 at 2:38 PM


ചിങ്ങരാശിയില്‍ നിന്ന് കന്നിരാശിയിലേക്കുള്ള ശനിയുടെ മാറ്റം ഓരോ കൂറുകാരെയും ഓരോ വിധത്തിലാണ് ബാധിക്കുക. 2009 സെപ്റ്റംബര്‍ 9 നു രാത്രി ശനി കന്നിയിലേക്ക് മാറും.

കര്‍ക്കിടകക്കൂറിലെ നക്ഷത്രങ്ങളായ പുണര്‍തം അവസാന ഭാഗം, പൂയം, ആയില്യം നക്ഷത്രക്കാര്‍ക്ക് ആശ്വസിക്കാം. അവരുടെ ഏഴര ശനി പൂര്‍ണ്ണമായി മാറുകയാണ്.

ചിങ്ങക്കൂറിലെ നക്ഷത്രങ്ങള്‍ ആയ മകം, പൂരം, ഉത്രം ആദ്യപാദം നക്ഷത്രക്കാരുടെ എഴരശനി മുഴുവനായും മാറിയില്ലെങ്കിലും ഒരു പരിധി വരെ അവര്‍ക്കും ആശ്വസിക്കാം. എന്നാലും ശനീശ്വര പ്രാര്‍ത്ഥന തുടരുക. ശിവ ഭജനം അയ്യപ്പഭജനം ഹനുമല്‍സേവ തുടങ്ങിയവ കൊണ്ട് ഇത് വരെ മന്ദഗതിയിലായ പല പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ സഹായിക്കും.

കന്നിരാശിക്കാരുടെ ജന്മശനി തുടങ്ങുകയായി. ഉത്രം അവസാന പാദം അത്തം ചിത്ര ആദ്യപാദം നക്ഷത്രക്കാര്‍ വളരെ സൂക്ഷിക്കേണ്ട സമയം. ദോഷപരിഹാരാര്‍ത്ഥം ശനീശ്വരഭജനം, അയ്യപ്പഭജനം തുടങ്ങിയവ തുടരുക.

തുലാം രാശിക്കാരുടെ ഏഴര ശനി തുടങ്ങുകയായി. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്ക് വളരെ പ്രശ്നമില്ല തുടര്‍ന്നുള്ള കൊല്ലങ്ങള്‍ സൂക്ഷിക്കണം.

ഇതിനു മുന്‍പ് ശനി ചിങ്ങത്തിലേക്ക് പ്രവേശിച്ചത്‌ 2007 ജൂലൈ 16 നു പുലര്‍ച്ചെയായിരുന്നു.

ശനി നമ്മുടെ രാശിയുടെ 12, 1, 2 സ്ഥാനങ്ങളില്‍ ശനി സഞ്ചരിക്കുന്നതിനെയാണ് ഏഴര ശനിക്കാലം എന്ന് പറയുന്നത്. ശനി ഒരു രാശിയില്‍ 2 1/2 വര്‍ഷം സഞ്ചരിക്കും. അതുകൊണ്ട് ഏഴര ശനി 7 1/2 വര്‍ഷമാണ്‌. ശനി നമ്മുടെ രാശിയില്‍ നില്‍ക്കുന്നതിനെ ജന്മ ശനിക്കാലം എന്ന് പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മലയാളം അസ്ട്രോളജി സന്ദര്‍ശിക്കുക

Malayalam Astrology

ഓപ്പറേഷന്‍ നല്ലമല

Posted by കറുത്തേടം | Labels: , , | Posted On Wednesday, September 2, 2009 at 5:27 PM


പോള്‍ വധവും എങ്ങുമെത്താത്ത അന്വേഷണവും ഓണവും കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന പത്രക്കാരുടെയും ബ്ലോഗ്ഗരുടെയും ആശങ്കയ്ക്ക് വിരാമമിട്ടു വൈ എസ് ആര്‍ റെഡി തിരോധാനം ചര്‍ച്ച വിഷയമായിരിക്കുകയാണ്.

ഒരു ചെറു വിമാനത്തില്‍ യാത്ര ചെയ്ത ആന്ധ്ര മുഖ്യമന്ത്രിയെ കാണ്മാനില്ല. അന്ധ്രാക്കാരും ഇന്ത്യക്കാരും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവും മാത്രമല്ല ലോകത്തിലെ എല്ലാ ഇന്ത്യക്കാരും ഉറ്റു നോക്കുന്ന ഒരു വാര്‍ത്തയാണ് ഇത്.

ആന്ധ്രയിലെ അമ്പലങ്ങളില്‍ പൂജകളും പ്രാര്‍ഥനകളും നടക്കുകയാണെന്ന് മനോരമ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അത് പോലെ അദ്ദേഹം സത്യപ്രതിഞ്ഞ ചെയ്ത സമയം നന്നായില്ലെന്ന് ടൈംസ്‌ ഓഫ് ഇന്ത്യ കണ്ടെത്തുന്നു.

പത്രപ്രവര്‍ത്തകര്‍ക്കും ചാനല്‍ പ്രവര്‍ത്തകര്‍ക്കും ഉറക്കമില്ലാത്ത രാത്രി. തുടരെ തുടരെ ഉണ്ടാകുന്ന വിമാന അപകടങ്ങളില്‍ ജനങ്ങള്‍ ആശങ്കകുലരായിരിക്കുകയാണ്. അമേരിക്കയില്‍ മലയാളികള്‍ ഉള്‍പ്പെടെ ചെറു വിമാന അപകടങ്ങള്‍ സര്‍വ്വ സാധാരണമായിരിക്കുകയാണ്.
നമ്മുടെ അധികാരികള്‍ വ്യോമയാന രംഗത്തെ സുരക്ഷയെ വേണ്ട വിധം കൈകാര്യം ചെയ്യേണ്ടതാണ്. നഗ്ന പരിശോധന വഴി തീവ്രവാദികളെ കണ്ടു പിടിക്കാം അതെ ഗൌരവത്തോടെ വിമാന സുരക്ഷയും നമ്മുടെ വ്യോമയാന മന്ത്രാലയങ്ങള്‍ നോക്കേണ്ടതാണ്.

ആയുരാരോഗ്യത്തോടെ ആന്ധ്രാ മുഖ്യമന്ത്രിയെ രക്ഷിക്കാനാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

ഓണാശംസകള്‍

Posted by കറുത്തേടം | Labels: | Posted On Tuesday, September 1, 2009 at 9:58 AM


എല്ലാ വായനക്കാര്‍ക്കും കറുത്തേടത്തിന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..