ജ്യോതിബാബു നമ്മളെ വിട്ടുപോയി

Posted by കറുത്തേടം | Labels: | Posted On Sunday, January 17, 2010 at 2:01 PM


জ্যোতি বাবু আমাদের ছেড়ে চলে গেছে -(ജ്യോതിബാബു നമ്മളെ വിട്ടുപോയി ). ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവും ഏറ്റവും കൂടുതല്‍കാലം മുഖ്യമന്ത്രി സ്ഥാനം വഹിച്ച്‌ ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ജ്യോതിബസു അന്തരിച്ചു.

ഇന്ത്യയിലെ ഒട്ടുമിക്ക ദിനപത്രങ്ങളുടെയും തലക്കെട്ട്‌ ഈ കമ്മ്യൂണിസ്റ്റ്‌ ആചാര്യനെ കുറിച്ചായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ധേഹത്തിന്റെ വാര്‍ധക്യ സഹജമായ രോഗാവസ്ഥയെ കുറിച്ച് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ടായിരുന്നു. ആ മഹാനുഭാവന്റെ വിയോഗം എല്ലാവരെയും പോലെ എന്നെയും വേദനിപ്പിച്ചു. തലമുതിര്‍ന്ന ഒരു നേതാവിനെ കൂടി ഭാരതത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. സ്വന്തം സുഖ സൌകര്യങ്ങള്‍ വെടിഞ്ഞു പാവപ്പെട്ടവരുടെ ഉന്നതിക്കായി പ്രവര്‍ത്തിച്ച മുന്‍കാല നേതാക്കളില്‍ ഒരാളെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

നമ്മുടെ ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനെ പോലെ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച ബംഗാളിലെ നമ്പൂതിരിപ്പാടായിരുന്നു ജ്യോതി ബസു.

1914 ജൂലായ്‌ 8ന്‌ ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭാഗമായ ഇഷാഖാന്‍ ബാര്‍ഡിയില്‍ ഒരു സമ്പന്ന ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ്‌ ജ്യോതി ബസു ജനിച്ചത്‌. കിഴക്കന്‍ ബംഗാളിലെ ഡാക്കാ ജില്ലയില്‍ ബരോജി ഗ്രാമത്തില്‍ ഡോക്ടറായിരുന്ന നിഷികാന്ത ബസുവാണ്‌ പിതാവ്‌. കൊല്‍ക്കത്തയില്‍ പ്രസിഡന്‍സി കോളേജില്‍ നിന്നും ബിരുദമെടുത്ത ബസു നിയമപഠനത്തിന്‌ ലണ്ടനില്‍ ചെന്നപ്പോഴാണ്‌ കമ്മ്യൂണിസത്തില്‍ ആകൃഷ്ടനായത്‌.

1953ല്‍ ലണ്ടനിലെത്തിയ ബസുവിനെ ഭൂപേശ്‌ ഗുപ്തയായിരുന്നു ബ്രിട്ടീഷ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തിയത്‌. നിയമപഠനം പൂര്‍ത്തിയാക്കി 1940ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ബസു തൊഴിലാളികളെ സംഘടിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. റെയില്‍വേ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ബസു 1946ല്‍ റെയില്‍വേ മണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി. 1952 മുതല്‍ 57വരെ ബംഗാള്‍ പ്രവിശ്യയിലെ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. 52 മുതല്‍ 96 വരെ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 67 വരെ പശ്ചിമബംഗാള്‍ പ്രതിപക്ഷനേതാവുമായി. 67 മുതല്‍ 69 വരെ ഐക്യമുന്നണി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു. 1977 ജൂണ്‍ 21ന്‌ ബംഗാളില്‍ കമ്മ്യൂണിസ്റ്റ്‌ സര്‍വാധിപത്യത്തിന്‌ തുടക്കം കുറിച്ച്‌ ഇടതുമുന്നണിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. അഞ്ചു തവണ മുഖ്യമന്ത്രിയായി മന്ത്രിസഭയെ നയിച്ചു. 1996 ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി പോളിറ്റ്ബ്യൂറോ അതിന്‌ അനുമതി നല്‍കിയില്ല. പിബിയുടെ ഈ തീരുമാനത്തെ ചരിത്രപരമായ വിഡ്ഢിത്തമെന്ന്‌ ബസുതന്നെ പില്‍ക്കാലത്ത്‌ വിശേഷിപ്പിച്ചിട്ടുണ്ട്‌. അനാരോഗ്യത്തെ തുടര്‍ന്ന് ഒന്‍പതു വര്‍ഷം മുന്‍പ് മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് സ്വയം വിരമിച്ച ബസു രാഷ്ട്രീയത്തില്‍ സമാനതയില്ലാത്ത മാതൃകയാണ് കാണിച്ചത്. 2008ല്‍ പിബിയില്‍ നിന്ന്‌ പടിയിറങ്ങിയെങ്കിലും കേന്ദ്രകമ്മറ്റിയിലെ ക്ഷണിക്കപ്പെടുന്ന അംഗമായി തുടരുകയായിരുന്നു.

Comments:

There are 3 comments for ജ്യോതിബാബു നമ്മളെ വിട്ടുപോയി

Post a Comment