തീവ്രവാദം കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നു; മുഖ്യമന്ത്രിയുടെ പ്രസ്‌താവന അവരെ കുടുക്കിലാക്കി..

Posted by കറുത്തേടം | Labels: | Posted On Wednesday, July 28, 2010 at 5:36 AM

തീവ്രവാദം കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നു. നിലപാടിന്‌ വ്യക്‌തത വരുത്താനാകാതെ നേതൃത്വം വിയര്‍ക്കുന്നു. തീവ്രവാദസംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇതിന്‌ പൂര്‍ണ്ണ പിന്തുണ ലഭിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടുപോലുള്ള സംഘടനകളുടെ വോട്ട്‌ വേണ്ടെന്ന്‌ പറയാന്‍ കൂട്ടാക്കാത്തത്‌ കോണ്‍ഗ്രസിന്‌ തിരിച്ചടിയായിട്ടുണ്ടെന്നും ഒരു വിഭാഗം നേതാക്കള്‍ വ്യക്‌തമാക്കുന്നുണ്ട്‌.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്നോട്ടുവന്ന മുഖ്യമന്ത്രി വി.എസ്‌. അച്യൂതാനന്ദന്‍ അക്ഷരാര്‍ത്ഥത്തില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്‌. ഇക്കാര്യത്തില്‍ സി.പി.എം സംഘടനാസംവിധാനത്തിന്റെ പൂര്‍ണ്ണപിന്തുണയും മുഖ്യമന്ത്രിക്കുണ്ട്‌.

പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള പ്രസ്‌താവന മുസ്ലിം സുമദായത്തിനെ ഒന്നടങ്കം ബാധിക്കുന്നതല്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവും വ്യക്‌തമായ നിലപാടിനെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇക്കാര്യത്തിലൊന്നും പ്രതിരോധിക്കാനാകാത്ത നിലയില്‍ പരുങ്ങുകയാണ്‌ യു.ഡി.എഫ്‌ പ്രത്യേകിച്ചും കോണ്‍ഗ്രസ്‌.

കടുത്ത നിലപാട്‌ മുസ്ലീം സമുദായത്തിനെ ഒന്നടങ്കം തങ്ങള്‍ക്ക്‌ എതിരാക്കുമോയെന്നാണ്‌ കോണ്‍ഗ്രസിന്റെ ഭയം. കഴിഞ്ഞ ആഴ്‌ചയില്‍ തലസ്‌ഥാനത്ത്‌ ചേര്‍ന്ന കെ.പി.സി.സി. ഭാരവാഹികളുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനോടുള്ള നിലപാട്‌ ചര്‍ച്ചാവിഷയമായിരുന്നു. അതേ തുടര്‍ന്നാണ്‌ അവരുമായി യാതൊരു ബന്ധവുമില്ലെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ പറയാന്‍ തയാറായത്‌. എന്നാല്‍ അതില്‍പ്പോലും രണ്ടുപക്ഷമുണ്ടായിരുന്നു. അത്ര കടുത്ത നിലപാട്‌ സ്വീകരിക്കേണ്ടെന്നാണ്‌ മറുപക്ഷത്തിന്റെ അഭിപ്രായം. ഇതാണ്‌ നിയമസഭയില്‍ മുഴങ്ങിക്കേള്‍ക്കുന്നത്‌. ആര്യാടന്‍ മുഹമ്മദ്‌ ഒഴികെ ആരും ഇതുവരെ വ്യക്‌തമായ ഒരു നിലപാട്‌ വെളിവാക്കാന്‍ നിയമസഭയില്‍ തയാറായിട്ടില്ല.

ഇന്നലെ സംസാരിച്ച പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളരെ ദുര്‍ബലമായിരുന്നു. പോലീസ്‌ നല്‍കിയ രഹസ്യവിവരം മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്‌ ശരിയല്ലെന്ന വിമര്‍ശനമാണ്‌ അദ്ദേഹം ഉയര്‍ത്തിയത്‌. എന്നാല്‍ വ്യക്‌തമായി ഒരു നിലപാട്‌ പറയാനും അദ്ദേഹം തയാറായില്ല.

ഇത്‌ കോണ്‍ഗ്രസിനുള്ളില്‍ തമ്മില്‍പ്പോര്‌ രൂക്ഷമാക്കിയിട്ടുണ്ടെന്ന്‌ മാത്രമല്ല, പി.ഡി.പി ബാന്ധവം ഉയര്‍ത്തിക്കാട്ടി ഇടുതുമുന്നണിയെ പ്രതിക്കൂട്ടിലാക്കാനുള്ള കോണ്‍ഗ്രസ്‌ ശ്രമവും ഇതിലൂടെ പരാജയപ്പെട്ടു. കൂടാതെ തീവ്രവാദ വിവരങ്ങള്‍ പുറത്തുവന്നയുടനെ സി.പി.എം സ്വീകരിച്ച നടപടികളും അവര്‍ക്കുണ്ടായിരുന്ന പേരുദോഷം മാറ്റാന്‍ ഉപകരിച്ചുവെന്നും കോണ്‍ഗ്രസില്‍ വിലയിരുത്തലുണ്ട്‌. മാറാട്‌ സംഭവത്തില്‍ നടപടി സ്വകരിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ മടിച്ചുനിന്നപ്പോഴാണ്‌ ഇപ്പോഴത്തെ ഈ നടപടികളെന്നും അവര്‍ പറയുന്നു. ഇത്‌ മുസ്ലീം സമുദായത്തില്‍ തന്നെ സി.പി.എമ്മിന്‌ സ്വീകാര്യത ഉണ്ടാക്കിയിട്ടുമുണ്ട്‌.

മുസ്ലീംലീഗ്‌ പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്ന്‌ വ്യക്‌തമാക്കിയിട്ടുണ്ടെങ്കിലും അവരില്‍ ഒരു വിഭാഗത്തിന്‌ ഇപ്പോഴും ഈ സംഘടനകളോട്‌ മൃദുസമീപനമാണുള്ളത്‌. അതുകൊണ്ടുതന്നെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്‌ ലീഗും. ഈ വിഷമതയാണ്‌ കോണ്‍ഗ്രസിനേയും പിടികൂടിയിട്ടുള്ളത്‌. ഒരിക്കലും പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ബന്ധവുമുണ്ടായിട്ടില്ലെന്ന്‌ പറയുന്ന കോണ്‍ഗ്രസ്‌ തങ്ങള്‍ക്ക്‌ അവരുടെ വോട്ട്‌ വേണ്ടെന്ന്‌ വ്യക്‌തമാക്കുന്നുമില്ല. വോട്ടിന്റെ കാര്യം ചോദിക്കുമ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. നിരോധനത്തിന്റെ കാര്യത്തില്‍പ്പോലും ഇതില്‍ രണ്ടഭിപ്രായമുണ്ട്‌. നിരോധിച്ചാല്‍ പിന്തുണയ്‌ക്കുമെന്ന്‌ രമേശ്‌ ചെന്നിത്തല അടിച്ചു പറയുമ്പോള്‍ മറുപക്ഷം മൗനത്തിലാണ്‌. മാത്രമല്ല ഭൂരിപക്ഷ വര്‍ഗ്ഗീയത വളര്‍ത്താനാണ്‌ സി.പി.എം ഈ നിലപാട്‌ സ്വീകരിച്ചിട്ടുള്ളതെന്ന യു.ഡി.എഫിന്റെ വാദത്തിനും കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്‌. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്റെ നിലപാട്‌ ന്യൂനപക്ഷ വര്‍ഗ്ഗീയത വളര്‍ത്തുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നുവരെ എന്‍.ഡി.എഫും പോപ്പുലര്‍ ഫ്രണ്ടും തങ്ങള്‍ക്ക്‌ വോട്ടുചെയ്‌തിട്ടില്ലെന്ന്‌ പറയുന്നവര്‍ കിട്ടാത്ത വോട്ട്‌ വേണ്ടെന്ന്‌ പറയേണ്ട കാര്യമില്ലെന്നെങ്കിലും വ്യക്‌തമാക്കണമായിരുന്നെന്നും അഭിപ്രായമുയരുന്നുണ്ട്‌. മറിച്ച്‌ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ വളച്ചൊടിച്ച്‌ നേട്ടം കൊയ്യാനുള്ള നീക്കം പ്രതികൂലമായി ബാധിക്കുമെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.


Read More at Mangalam തീവ്രവാദം കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നു;

Comments:

There are 1 comments for തീവ്രവാദം കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നു; മുഖ്യമന്ത്രിയുടെ പ്രസ്‌താവന അവരെ കുടുക്കിലാക്കി..

Post a Comment